പോക്സോ കേസ് പ്രതിയെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം

Tuesday 24 June 2025 1:34 AM IST

കാട്ടാക്കട: പോക്സോ കേസിലെ പ്രതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പണം തട്ടാൻ ശ്രമം. കാട്ടാക്കട പൂവച്ചൽ ആലമുക്കിലാണ് സംഭവം. ഇന്നലെ രാത്രി 9ഓടെ പണം വാങ്ങാനായെത്തിയ മൂന്നുപേരെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിൽ ഏല്പിച്ചു. വെള്ളനാട് മുണ്ടേല സ്വദേശിയായ അരുൺ,​പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.

ആലമുക്ക് സ്വദേശിയും തേങ്ങ വെട്ടുകാരനുമായ ഷാജിയുമായി​ പെൺകുട്ടിയാണെന്ന് പറഞ്ഞ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു. ഇതിനുശേഷം ഷാജിയുടെ ഫോൺ നമ്പർ വാങ്ങി സ്ത്രീയുടെ ശബ്ദത്തിൽ വിളിച്ച് ഇവർ സൗഹൃദത്തിലാവുകയായിരുന്നു. മറുഭാഗത്ത് സ്ത്രീയാണെന്ന് കരുതി ഷാജി ദിവസങ്ങളോളം ഫോൺ വിളിക്കുകയും പണം കൈമാറുകയും ചെയ്തു. ജൂൺ 1മുതൽ 18വരെ 16,600 രൂപ ഇത്തരത്തിൽ തട്ടിയെടുത്തു.

ഈ സംഘം രണ്ട് ദിവസത്തിന് മുമ്പ് പൂവച്ചൽ ആലമുക്ക് പരിസരത്തെത്തി ഷാജിയുടെ ഭാര്യയുടെ ഫോൺ നമ്പർ ശേഖരിച്ചു. ഇതിനുശേഷം ഇവരെ ഫോണിൽ വിളിച്ച്,​ നിങ്ങളുടെ ഭാർത്താവ് തന്റെ സഹോദരിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തായി പറഞ്ഞ് 60,000 രൂപ ആവശ്യപ്പെട്ടു.

ഇത് ഷാജിയുടെ ഭാര്യ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ യുവാക്കളെ തന്ത്രപരമായി പൂവച്ചൽ ആലമുക്കിലേക്ക് വിളിച്ച് വരുത്തി. ഇവിടെത്തിയ യുവാക്കളെ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂയെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.