50000 യുഎസ് പട്ടാളക്കാരെ കൊല്ലുമെന്ന് ഇറാന്‍; അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ പ്രത്യേക വിമാനം

Monday 23 June 2025 11:46 PM IST

ടെഹ്‌റാന്‍: തങ്ങളുടെ ആണവ നിലയങ്ങളെ തകര്‍ത്ത യുഎസ് നടപടിക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ഇറാന്‍. ആണവനിലയങ്ങള്‍ തകര്‍ത്ത അമേരിക്കയ്ക്കുള്ള തിരിച്ചടിയായി 50000 യുഎസ് പട്ടാളക്കാരെ കൊല്ലുമെന്നാണ് ഇറാന്റെ ഭീഷണി. ഇതോടെ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യു.എസ് സൈനിക ബേസുകള്‍ക്ക് പെന്റഗണ്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. മുന്നറിയിപ്പിന് പിന്നാലെയാണ് ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ടെഹ്‌റാനില്‍ നിന്നുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ഖത്തര്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. അമേരിക്കന്‍ സൈനികരെ കൂട്ടക്കൊല ചെയ്ത് ശവപ്പെട്ടികളില്‍ വാഷിംഗ്ടണിലേക്ക് അയയ്ക്കണമെന്ന് ഇറാന്‍ ദേശീയ ടെലിവിഷനിലാണ് ആഹ്വാനം വന്നത്. ബഹ്റൈന്‍, ഈജിപ്റ്റ്, ഇറാക്ക്, ഇസ്രയേല്‍, ജോര്‍ദ്ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ ബേസുകളിലും യുദ്ധക്കപ്പലുകളിലുമായി 45,000 അമേരിക്കന്‍ സൈനികരുണ്ട്.

ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാര്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്ന് ഖത്തറിലെ യുഎസ് എംബസി നിര്‍ദേശിച്ചു. ഖത്തര്‍ വ്യോമപാത അടച്ചതോടെ ഗള്‍ഫ് മേഖലയിലെ വിമാന യാത്രാദുരിതം വര്‍ദ്ധിക്കും.

യു.എസ് ജനതയ്ക്ക് ജാഗ്രതാനിര്‍ദ്ദേശം

ലോകത്ത് എവിടെയുമുള്ള അമേരിക്കക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ട്രംപ്

ഇറാക്കിലെയും ലെബനനിലെയും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണം

ഇസ്രയേലില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിമാനം

സുരക്ഷിത ഇടങ്ങളില്‍ തങ്ങാന്‍ ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം