'ദസ്തർ 'അണിയുന്ന ശിരസിൽ 'കൃഷ്ണമുടി'യേറി ഗുൽമീദ് സിംഗ്

Tuesday 24 June 2025 12:00 AM IST

ചെറുതുരുത്തി: ദസ്തർ (സിഖ് തലപ്പാവ്) അണിയുന്ന ശിരസിൽ ആദ്യമായി കഥകളിയിലെ കൃഷ്ണകിരീടം അണിഞ്ഞപ്പോൾ ഗുൽമീദ് സിംഗിന്റെ ഏറെക്കാലത്തെ ആഗ്രഹം സഫലമായി. ചെറുതുരുത്തി കഥകളി സ്‌കൂളിലെ കളിയച്ഛൻ കളരിയാണ് ഡൽഹിയിലെ 34കാരൻ ഗുൽമീദ് സിംഗിന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേദിയായത്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റ ഡോട്ട് കോം കമ്പനിയിലെ സീനിയർ അനലിസ്റ്റായ ഗുൽമീദ് കഥകിലും ഒഡീസിയിലും ഭരതനാട്യത്തിലും കഴിവ് തെളിയിച്ച ഒരു കലാകാരൻ കൂടിയാണ്. കഥകളി കൂടി പഠിക്കണമെന്ന ഗുൽമീദിന്റെ ആഗ്രഹം കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ മുഖേനയാണ് സാദ്ധ്യമായത്. കഴിഞ്ഞ രണ്ടു മാസമായി കലാമണ്ഡലം ഉദയകുമാറിന്റെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിച്ചത്. കഥകളിയിലെ എല്ലാ താളങ്ങളും ഒരുമിച്ചു വരുന്ന ഭാഗം പുറപ്പാടിലായിരുന്നു അരങ്ങേറ്റം. പാട്ടിൽ കലാമണ്ഡലം അജേഷ് പ്രഭാകറും സദനം വിവേകും ചെണ്ടയിൽ കലമണ്ഡലം സുധീഷും മദ്ദളത്തിൽ കലാമണ്ഡലം പ്രശാന്തും ഗുൽമീദിന്റെ പിന്നണിയായി. ചുട്ടിയിൽ കലാമണ്ഡലം മുരളിയും അണിയറയിൽ രാജനും ഷാജിയും വേഷവിധാനമൊരുക്കി. ഗുൽമീദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം അരങ്ങേറ്റം കാണാനെത്തിയിരുന്നു. അരങ്ങേറ്റത്തിന് ശേഷം നടന്ന ചടങ്ങിൽ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ ആശാൻ അരങ്ങേറ്റം കുറിച്ച ഗുൽമീദിനെയും ഗുരുവായ കലാമണ്ഡലം ഉദയകുമാറിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദേശികളടക്കം നിരവധിപേർ പലപ്പോഴായി കഥകളി സ്‌കൂളിൽ പഠനത്തിനെത്തിയിരുന്നെങ്കിലും ആദ്യമായാണ് ഒരു സിഖ് വംശജൻ പഠനത്തിനെത്തുന്നതെന്ന് ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ പറഞ്ഞു.