നാല് സീറ്രുകളിൽ വിജയം ആവർത്തിച്ച് പാർട്ടികൾ: ആംആദ്മിക്ക് ഇരട്ടവിജയം
ന്യൂഡൽഹി: നിലമ്പൂരിന് പുറമേ മൂന്നു സംസ്ഥാനങ്ങളിലെ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നലെ പുറത്തുവന്നു. ഗുജറാത്തിലെ വിസവദർ സീറ്റ് ആംആദ്മി പാർട്ടിയും,പട്ടികജാതി സംവരണ മണ്ഡലമായ കാഡി ബി.ജെ.പിയും നിലനിറുത്തി. പശ്ചിമ ബംഗാളിലെ കാളിഗഞ്ച് സീറ്റിൽ തൃണമൂൽ കോൺഗ്രസും,പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ ആംആദ്മിയും വിജയം ആവർത്തിച്ചു.
ബംഗാളിൽ വോട്ടെണ്ണൽ ദിനം നടന്ന സംഘർഷത്തിൽ 9 വയസുകാരി ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കാളിഗഞ്ചിലെ ബരോചാന്ദ്ഗറിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനർജി, കുറ്രക്കാർക്കിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. തൃണമൂൽ വിജയം ആഘോഷിച്ചത് ബോംബെറിഞ്ഞാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റ ആംആദ്മിക്ക് ഗുജറാത്തിലെയും പഞ്ചാബിലെയും വിജയം ഒരേസമയം നേട്ടവും ആശ്വാസവുമായി.
നിരാശപ്പെടുത്താതെ
ഗുജറാത്ത്
ആം ആദ്മിയിലെ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് വിസവദർ നിയമസഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. പാർട്ടി സ്ഥാനാർത്ഥി ഇറ്റാലിയ ഗോപാൽ 17,554 വോട്ടുകൾക്കാണ് എതിർസ്ഥാനാർത്ഥി ബി.ജെ.പിയിലെ കിരിത് പട്ടേലിനെ തോൽപ്പിച്ചത്.
വൻ ഭൂരിപക്ഷത്തോടെയാണ് കാഡി സീറ്റ് ബി.ജെ.പി നിലനിറുത്തിയത്. രാജുഭായി എന്ന രാജേന്ദ്രകുമാർ ധനേഷ്‌ധ്വർ ചാവ്ഡയ്‌ക്ക് 39,452 വോട്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം.
പഞ്ചാബിൽ ആംആദ്മി
പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭാ സീറ്റിൽ ചതുഷ്‌കോണ മത്സരമായിരുന്നു. ആംആദ്മിയിലെ സഞ്ജീവ് അറോറയുടെ ഭൂരിപക്ഷം 10,637 വോട്ടുകൾ. 35179 വോട്ടുകൾ നേടി. കോൺഗ്രസിലെ ഭരത് ഭൂഷൺ അഷു കടുത്ത മത്സരം കാഴ്ചവച്ചു. 24542 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയിലെ ജീവൻ ഗുപ്‌ത മൂന്നാം സ്ഥാനത്തായെങ്കിലും 20323 വോട്ടുകൾ പിടിച്ചു. ശിരോമണി അകാലിദളിലെ അഡ്വ. പരുപ്കർ സിംഗ് ഖുമാന് 8203 വോട്ടുകൾ. ആംആദ്മി എം.എൽ.എ ഗുർപ്രീത് ബസ്സിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
രാജ്യസഭയിലേക്കില്ലെന്ന്
കേജ്‌രിവാൾ
നിലവിൽ രാജ്യസഭാ അംഗമാണ് സഞ്ജീവ് അറോറ. നിയമസഭാ സീറ്റിലേക്ക് വിജയിച്ചതോടെ,പകരം വരുന്ന ഒഴിവിൽ ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ രാജ്യസഭയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ,രാജ്യസഭയിലേക്കില്ലെന്ന് കേജ്‌രിവാൾ പ്രതികരിച്ചു. ആരെ നിയോഗിക്കണമെന്ന് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലിന് ഭൂരിപക്ഷം
അരലക്ഷത്തിലധികം
പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിലെ ആലിഫ അഹമ്മദ് ജയിച്ചത് 50,049 വോട്ടുകൾക്ക്. 102759 വോട്ടുകൾ നേടി. ഫെബ്രുവരിയിൽ തൃണമൂൽ നേതാവ് നസിറുദ്ദിൻ അഹമ്മദിയുടെ മരണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മകൾ ആലിഫ സ്ഥാനാർത്ഥിയായത്.