ലഹരിക്കേസ്: നടൻ ശ്രീകാന്ത് അറസ്റ്റിൽ

Tuesday 24 June 2025 12:13 AM IST

ചെന്നൈ: ലഹരിമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈ നുങ്കമ്പക്കം പൊലീസാണ് ചോദ്യം ചെയ്യലിന് ശേഷം താരത്തെ അറസ്റ്റ് ചെയ്‍തത്. ശ്രീകാന്തിന്റെ രക്ത സാമ്പിളിൽ കൊക്കെയിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാൽപ്പത് തവണ നടൻ കൊക്കെയിൻ വാങ്ങിയതായാണ് സൂചന. കഴിഞ്ഞ 17ന് നുങ്കമ്പക്കത്തെ ബാറിൽ നടന്ന അടിപിടിക്കേസിലെ പ്രതിയായ പ്രസാദ് ശ്രീകാന്തിനെതിരെ മൊഴി നൽകുകയായിരുന്നു. ശ്രീകാന്ത് നായകനാകുന്ന തീകിരൈ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് എ.ഐ.എ.ഡി.എം.കെ ഐ.ടി വിംഗ് മുൻ ഭാരവാഹിയായ പ്രസാദ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു ബാറിലെ തർക്കം. നേരത്തേ ലഹരിക്കേസിൽ അറസ്റ്റിലായ പ്രദീപ് എന്നയാളുമായി പ്രസാദിന് ബന്ധമുണ്ട്. പ്രദീപ് പ്രസാദിന് കൊക്കൈയിൻ നൽകിയിട്ടുണ്ടെന്നും ഇത് ഒടുവിൽ എത്തിയത് നടൻ ശ്രീകാന്തിന്റെ പക്കലാണെന്നും തെളിവുകൾ സഹിതം പൊലീസ് കണ്ടെത്തി. പിന്നാലെ ഇന്നലെ രാവിലെ ശ്രീകാന്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു. വൈദ്യപരിശോധനയിൽ താരം ലഹരിയുപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യൽ തുടരുകയാണ്. നാൽപ്പത് തവണയായി നാല് ലക്ഷത്തിൽ അധികം രൂപയുടെ കൊക്കെയിൻ ശ്രീകാന്ത് വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ചെന്നൈയിലെ വിവിധ പബ്ബകളിലും സ്വകാര്യ പാർട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. കൂടുതൽ താരങ്ങളെ ചോദ്യം ചെയാൻ വിളിക്കുമെന്നും സൂചനയുണ്ട്.

തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനനയിച്ചിട്ടുണ്ട് ശ്രീകാന്ത്. 1999ൽ കെ. ബാലചന്ദറിന്റെ ജന്നൽ - മറാബു കവിതൈകൾ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 2002ൽ തമിഴ് ചിത്രമായ റോജ കൂട്ടത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഏപ്രിൽ മാദത്തിൽ, പാർഥിപൻ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി. 2003ൽ പുറത്തിറങ്ങിയ ഒകാരികി ഒകാരു എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. കൊഞ്ചം കാതൽ കൊഞ്ചം മോദൽ ആണ് അവസാനമായി വേഷമിട്ട സിനിമ. തെലുങ്കിൽ ‘ശ്രീറാം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇൻ ആക്‌ഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.