ജഗൻ മോഹന്റെ വാഹനം ഇടിച്ച് പ്രവർത്തകന് ദാരുണാന്ത്യം

Tuesday 24 June 2025 12:47 AM IST

ഹൈദരാബാദ്: വൈ.എസ്.ആർ.സി.പി നേതാവും,ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറിയിറങ്ങി പ്രവർത്തകന് ദാരുണാന്ത്യം. 65 വയസുകാരനായ സിംഗയ്യയാണ് മരിച്ചത്. ആന്ധപ്രദേശിലെ പൽനാട്ടിലാണ് സംഭവം.

റെണ്ടപള്ളയിലെ വൈ.എസ്.ആർ.സി.പി നേതാവിന്റെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ വർഷം ഈ നേതാവ് ജീവനൊടുക്കിയിരുന്നു.

ജഗനെ വാഹനം കടന്നുപോയ സ്ഥലങ്ങളിൽ അദ്ദേഹത്തെ കാണാൻ ഒട്ടേറെയാളുകൾ തടിച്ചുകൂടിയിരുന്നു. ജഗന് പുഷ്പവൃഷ്ടി നടത്തുമ്പോൾ വാഹനത്തിന് മുന്നിലേക്ക് സിംഗയ്യ വഴുതീ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ മുൻവശത്തെ വലത് ചക്രത്തിനടിയിൽപ്പെട്ട് അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരുക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാൾ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് ആദ്യം വന്നത്. എന്നാൽ,അത് ജഗൻ സഞ്ചരിച്ചിരുന്ന വാഹനം തന്നെയാണെന്ന് പിന്നീട് ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിയുകയായിരുന്നു. ഡ്രൈവർ രമണ റെഡ്ഡിക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 106 (1) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗുണ്ടൂർ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. സതീഷ് കുമാർ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസും ടി.ഡി.പിയും ജഗനെതിരേ രംഗത്തെത്തി.