ടീം യു.ഡി.എഫിന്റെ വിജയം: സതീശൻ
കൊച്ചി: ഒറ്റ പാർട്ടിയെപ്പോലെ പ്രവർത്തിച്ച ടീം യു.ഡി.എഫിന്റെ വിജയമാണ് നിലമ്പൂരിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2026ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനവും കരുത്തും ആത്മവിശ്വാസവുമാണ് നിലമ്പൂരിലെ ജനങ്ങൾ നൽകിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ തിരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദിന് സീറ്റ് നഷ്‌ടമായതിന്റെ ആറിരട്ടി വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ വരെ യു.ഡി.എഫ് മുന്നേറ്റം നടത്തി. പിണറായി സർക്കാരിനെതിരായി ജനങ്ങളുടെ മന:സാക്ഷി വിചാരണ നിലമ്പൂരിലുണ്ടായി. എല്ലാവിഭാഗം ജനങ്ങളും യു.ഡി.എഫിനെ പിന്തുണച്ചു.
വിജയം തന്റെ വ്യക്തിപരമായ വിജയമോ നോട്ടമോ അല്ല. സ്ഥാനാർത്ഥി നിർണയം മുതൽ മുഴുവൻ തീരുമാനങ്ങളും യു.ഡി.എഫ് ആലോചിച്ചെടുത്തതാണ്. അതിൽ എല്ലാവർക്കും പങ്കുണ്ട്. ഏതു കേഡർ പാർട്ടിയെയും തകർക്കാനുള്ള ശേഷി യു.ഡി.എഫ് നേടിയിട്ടുണ്ട്. 2026ലെ തിരഞ്ഞെടുപ്പിലും അതിന്റെ ശക്തി കാട്ടിത്തരും.പിണറായി സർക്കാരിനോട് എതിർപ്പും വെറുപ്പുമുള്ള ഒരാളെങ്കിലും ഓരോ വീട്ടിലുമുണ്ടെന്ന് പ്രചാരണസമയത്ത് മനസിലാക്കിയിരുന്നു. അവരുടെ അമർഷമാണ് വോട്ടെടുപ്പിൽ കണ്ടതെന്നും സതീശൻ
പറഞ്ഞു.