ആർ.എസ്.എസ് പരാമർശം ചലനമുണ്ടാക്കിയില്ല: എം.വി​ .ഗോവിന്ദൻ

Tuesday 24 June 2025 2:05 AM IST

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ ആർ.എസ്.എസ് ബന്ധത്തെപ്പറ്റി താൻ നടത്തിയ പരാമർശം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ​ഗോവിന്ദൻ. ഗുണം ചെയ്യാനോ, ദോഷം ചെയ്യാനോ അല്ല, ചരിത്രം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ജയം വർഗ്ഗീയ ശക്തികളുടെ പിന്തുണയോടെ ലഭിച്ചതാണ്. ഇടതുപക്ഷം ജയിക്കാതിരിക്കാൻ യു.ഡി.എഫിന് ബി.ജെ.പി വോട്ട് ചെയ്തു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയും യു.ഡി.എഫിനായിരുന്നു . ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയതയെ യു.ഡി.എഫ് ഉപയോഗിച്ചു. വർഗ്ഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ള പ്രചാരണം നടത്തിയുമാണ് യു.ഡി.എഫ് വോട്ട് പിടിച്ചത്.ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും.പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും. യു.ഡി.എഫിന് 2021ലെ വോട്ട് ഇക്കുറി നിലനിറുത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്.

സർക്കാർ വിരുദ്ധ വികാരമില്ല. പിണറായിസം എന്നൊന്നില്ല.എൽ.ഡി.എഫിന്റെ രാഷ്ട്രീയ അടിസ്ഥാനം ഭദ്രമാണ്. തുടർഭരണത്തിന് സാദ്ധ്യത ഇപ്പോഴുമുണ്ട്.ഇടതുമുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും ഗോവിന്ദൻ പറഞ്ഞു.