വോട്ടു ചോർച്ചയിൽ പതറി എൽ.ഡി.എഫ്

Tuesday 24 June 2025 2:08 AM IST

മലപ്പുറം: നിലമ്പൂരിൽ സി.പി.എം ശക്തി കേന്ദ്രങ്ങളിലടക്കം കാര്യമായ വോട്ട് ചോർച്ചയുണ്ടായത് യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കുതിപ്പിന് വേഗമേകി. 2021ൽ അൻവറിലൂടെ എൽ.ഡി.എഫിന് കിട്ടിയത് 81,227 വോട്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഇത് 66,660ലേക്ക് ചുരുങ്ങി. നഷ്ടം 14,567 വോട്ട്.

സി.പി.എം ഭരിക്കുന്ന നിലമ്പൂർ നഗരസഭ,​ അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിലും സ്വരാജ് പിന്നിൽ പോയി. നേരത്തെ എൽ.ഡി.എഫിന് 2,700 വോട്ട് വരെ ലീഡ് ലഭിച്ചിരുന്ന അമരമ്പലത്ത് ഇത്തവണ 704 വോട്ടിന് യു.ഡി.എഫ് മുന്നേറി. സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലിൽ 307 വോട്ടിന് പിറകിലായി. സ്വന്തം ബൂത്തിലും സ്വരാജിന് അടി പതറി.

നിലമ്പൂർ നഗരസഭയിൽ വൻതിരിച്ചടിയുണ്ടായി. ഷൗക്കത്തിന്റെ ഭൂരിപക്ഷത്തിൽ മൂന്നിലൊന്ന് ഇവിടെ നിന്നാണ്. 3,967 വോട്ടിന്റെ ലീഡ്. 1,​000 വോട്ടിന്റെ മുൻതൂക്കമാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്.

ശക്തമായ മത്സരം മുന്നിൽ കണ്ടിരുന്നെങ്കിലും ഇടതുകോട്ടകൾ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ്. സ്വരാജിന്റെ വ്യക്തിപ്രഭാവത്തിലൂടെ രാഷ്ട്രീയ വോട്ടുകൾക്കപ്പുറമുള്ളവ സമാഹരിക്കാമെന്ന് കണക്കുകൂട്ടിയെങ്കിലും പാളി. സ്വരാജ് പുറമേയ്ക്ക് ഉണ്ടാക്കിയ ഓളമൊന്നും വോട്ടായില്ല. താഴേക്കിടയിൽ പാർട്ടി സംവിധാനങ്ങൾ ചലിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലുമുണ്ട്. പ്രാദേശിക നേതൃത്വങ്ങൾക്കിടയിൽ സ്വരാജ് അത്ര സ്വീകാര്യനായിരുന്നില്ലെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വതന്ത്ര ചിഹ്നമായിരുന്നപ്പോൾ കിട്ടിയ വോട്ട് പാർട്ടി ചിഹ്നത്തിന് ലഭിച്ചതുമില്ല.

യു.ഡി.എഫിന്റെ ജമാഅത്തെ ബന്ധം ഉയർത്തിയതിലൂടെ ഭൂരിപക്ഷ സമുദായങ്ങളുടെയും

ജമാഅത്തെ ഇസ്ലാമിയോട് എതിർപ്പുള്ള മുസ്ലിം വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലും നടപ്പായില്ല. ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫിനോ സർപ്രൈസ് സ്ഥാനാർത്ഥിയിലൂടെ എൻ.ഡി.എയ്‌ക്കോ സാധിച്ചില്ല.രാഷ്ട്രീയ വോട്ട് കണക്കിലെടുത്താൽ ശരാശരി 6,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമേ യു.ഡി.എഫിന് മണ്ഡലത്തിലുള്ളു. എന്നിട്ടും അതിന്റെ ഇരട്ടിയോളം ഭൂരിപക്ഷം ലഭിച്ചത് ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവായാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ അവതരിപ്പിക്കുന്നത്. എൽ.ഡി.എഫ് വോട്ടിൽ ഒമ്പത് ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത്ര വലിയ തിരിച്ചടി മണ്ഡലത്തിൽ മുമ്പ് നേരിട്ടിട്ടില്ല. അരയും തലയും മുറുക്കി മുസ്ലിം ലീഗ് പ്രചാരണരംഗത്തിറങ്ങിയതും കരുത്തായി. കൺവെൻഷനുകളിൽ പാണക്കാട് കുടുംബാംഗങ്ങൾ സജീവ സാന്നിദ്ധ്യമായി. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ മണ്ഡലത്തിൽ തമ്പടിച്ചു പ്രവർത്തിച്ചു.

അൻവർ

ചില്ലറക്കാരനല്ല

ഭരണ വിരുദ്ധ വോട്ടുകൾക്കൊപ്പം ഷൗക്കത്തിനോടും സ്വരാജിനോടുമുള്ള നിഷേധ വോട്ടുകൾ കൂടി വന്നുചേർ‌ന്നത് അൻവറിന്റെ വോട്ടു വിഹിതം ഗണ്യമായി ഉയർത്തി. വോട്ട് പിടിക്കുന്നതിലെ അൻവറിന്റെ വൈദഗ്ദ്ധ്യം ഇരുമുന്നണികളും അവഗണിച്ചു. പല ബൂത്തുകളിലും അൻവർ പ്രധാന ഘടകമാണെന്ന് തിരിച്ചറിയുന്നതിൽ വീഴ്ച പറ്റി.