ബോയിംഗ് അധികൃതരെ പാർല.സമിതി വിളിപ്പിച്ചു
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, വ്യോമയാന സുരക്ഷ സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്ന പാർലമെന്റ് സമിതി ബോയിംഗ് ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കും. മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയും മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.
ജെ.ഡി.യു എം.പി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സമിതി, വിമാന അറ്റകുറ്റപ്പണികൾ, പ്രവർത്തന മേൽനോട്ടം, ചട്ടങ്ങൾ നടപ്പാക്കുന്നതിലെ പിഴവ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ജൂലായ് ആദ്യവാരമാണ് യോഗം ചേരുന്നത്. ഡി.ജി.സി.എ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), സിവിൽ ഏവിയേഷൻ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരെയും വിളിപ്പിച്ചിട്ടുണ്ട്.
എയർഇന്ത്യ ആസ്ഥാനത്ത് പരിശോധന
ഡി.ജി.സി.എ ഉദ്യോഗസ്ഥർ ഇന്ന് ഗുരുഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്ത് ഓഡിറ്റിംഗ് നടത്തും. ആവർത്തിച്ചുള്ളതും ഗുരുതരവുമായ ലംഘനങ്ങൾ സംബന്ധിച്ച് നേരത്തെ നൽകിയ മുന്നറിയിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഡി.ജി.സി.എ അറിയിച്ചു. രണ്ടു ദിവസം നീളുന്നതാണ് പരിശോധന.