നിലമ്പൂരിൽ ക്രൈസ്തവർ ഒപ്പമില്ല; ബി.ജെ.പി അടവ് മാറ്റേണ്ടിവരും
തിരുവനന്തപുരം:ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക് സഭാ തിരഞ്ഞെടുപ്പ് മുതൽ സംസ്ഥാനത്ത് ബി.ജെ.പി പിന്തുടരുന്ന രാഷ്ട്രീയതന്ത്രം നിലമ്പൂരിലും പാളി. മലങ്കരസഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ മാർത്തോമസഭാംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ പരമ്പരാഗത ഹിന്ദുവോട്ടുകളോടൊപ്പം ക്രൈസ്തവ വോട്ടുകളും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. മലങ്കരസഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം മുന്നേറ്റമുണ്ടായില്ല. ഇവിടെ 2016ൽ 1964 വോട്ടും 2021ൽ 1072വോട്ടും കിട്ടി.ഇത്തവണ1112വോട്ടുകളാണ് കിട്ടിയത്.
കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ അനുകൂലമാക്കാൻ ബി.ജെ.പി കുറേക്കാലമായി പരിശ്രമിക്കുന്നുണ്ട്. ആകെ വോട്ടുകളുടെ 12ശതമാനത്തോളം ക്രിസ്ത്യൻ സമുദായക്കാരാണ്. വന്യജീവി ആക്രമണത്തിന്റെയും മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിന്റെയും പശ്ചാത്തലത്തിൽ സമുദായ വോട്ടുകൾ ആകർഷിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ക്രൈസ്തവ വോട്ട് ധ്രുവീകരണം അത്ര എളുപ്പമല്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിലമ്പൂർ അനുഭവം.സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം പാളിച്ച പറ്റിയോയെന്ന് പരിശോധിക്കും.
2016ൽ എൻ.ഡി.എയുടെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284വോട്ടുകളാണ്, 2021ൽ ബി.ജെ.പി നേരിട്ട് മത്സരിച്ചപ്പോൾ 3600 വോട്ടുകൾ കുറഞ്ഞ് 8595ആയി. ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് മാത്രമാണ് ആശ്വാസം. ഇത്തവണ 8648വോട്ടാണ് കിട്ടിയത്. 8000അടിസ്ഥാനവോട്ടുകളാണ് ബി.ജെ.പിക്ക് മണ്ഡലത്തിൽ ഉള്ളത്. പരമ്പരാഗതമായി ലഭിക്കുന്ന ഹിന്ദു,ദളിത് വോട്ടുകൾ ചോർന്നില്ല.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ വോട്ട് ബാങ്കിൽ വലിയ കോട്ടമുണ്ടക്കാത്തത് നേട്ടമെന്ന് വ്യാഖ്യാനിക്കാം.പക്ഷെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായിരുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് നില ഉയർത്താൻ കഴിയാതെ പോയത് പാർട്ടിയെ ചിന്തിപ്പിക്കും.പതിനായിരം വോട്ടെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനേയും അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനേയും നേരിടാൻ പുതിയ തന്ത്രം ആവിഷ്ക്കരിക്കേണ്ടിവരും.