ചങ്ങാതിക്കൊരുമരം പരിപാടി
Tuesday 24 June 2025 1:47 AM IST
കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു നടത്തുന്ന വൃക്ഷവത്ക്കരണ പ്രവർത്തനത്തിന്റെ ഭാഗമായ 'ചങ്ങാതിക്കൊരുമരം' പരിപാടിക്ക് ജില്ലയിൽ നാളെ തുടക്കം കുറിക്കും. പന്ത്രണ്ടാം തരം വരെയുള്ള എല്ലാ കുട്ടികളും സ്‌നേഹസമ്മാനമായി തങ്ങളുടെ സുഹൃത്തിനു വൃക്ഷത്തൈകൾ കൈമാറുന്നതാണു പരിപാടി. സ്വന്തം വീട്ട് പരിസരങ്ങളിൽ താനെ കിളിർത്തുവന്ന വൃക്ഷത്തൈകൾ ഇതിനായി ഉപയോഗപ്പെടുത്താം. മികച്ചതൈകൾ വാങ്ങിനൽകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ലിസ്റ്റ്‌ചെയ്തിട്ടുള്ള നഴ്‌സറികൾ 30% വിലക്കുറവോടെ തൈകൾ ലഭ്യമാക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നാളെ രാവിലെ 10 മണിക്കു താഴത്തുവടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കും കോട്ടയംജില്ലയിൽ ഏഴരലക്ഷം വൃക്ഷതൈകളാണു നടുക.