അച്ഛാ നമ്മൾ ജയിച്ചൂട്ടോ, ഫേസ്ബുക്ക് പോസ്റ്റുമായി വി.വി. പ്രകാശിന്റെ മകൾ

Tuesday 24 June 2025 2:48 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുൻ ഡി.സി.സി പ്രസിഡന്റും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. " അച്ഛാ നമ്മൾ ജയിച്ചൂട്ടോ... അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം" എന്നാണ് കുറിച്ചത്. വി.വി.പ്രകാശിന്റെ ഫോട്ടോയ്ക്ക് താഴെ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ഷൗക്കത്ത് പ്രകാശിന്റെ വീട് സന്ദർശിക്കാത്തത് പ്രചാരണത്തിലുടനീളം എൽ.ഡി.എഫ് ഉയർത്തിയിരുന്നു. എന്നാൽ, മരണം വരെ യു.ഡി.എഫിനൊപ്പം ആയിരിക്കുമെന്ന് നന്ദനയും മാതാവ് സ്മിതയും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.