മണ്ണന്തലയിൽ സഹോദരൻ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഷഫീന മൂന്നുദിവസത്തോളം ക്രൂരമർദ്ദനത്തിനിരയായെന്ന് റിപ്പോർട്ട്

Tuesday 24 June 2025 8:50 AM IST

തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട നന്നാട്ടുകാവ് പന്തലക്കോട് വാഴോട്ടു പൊയ്ക തിരുവോണം വീട്ടിൽ ഷഫീന മൂന്ന് ദിവസം ക്രൂര മർദ്ദനത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരു യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് സഹോദരൻ ഷംഷാദ് ഷഫീനയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴിനായിരുന്നു ദാരുണ സംഭവം നടന്നത്.

മർദ്ദനത്തിൽ ഷഫീനയുടെ തലയോട്ടി പൊട്ടി. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്നു. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെ പാടുകളുണ്ട്. ശരീരത്തിൽ കടിയേറ്റതിന്റെയും പാടുകളുണ്ട്. ചവിട്ടേറ്റ് കൈകൾക്ക് ഒടിവുണ്ട്. ശരീരമാസകലും ഇടിയും അടിയും ഏറ്റതിന്റെ പാടുകളുണ്ട്. പലതവണ മർദ്ദനവും പിടിവലിയും നടന്നതായും പോസ്റ്റുമോർട്ടത്തിൽ സൂചനകളുണ്ട്.

മലപ്പുറം സ്വദേശിയായ ഒരു യുവാവുമായുള്ള സഹോദരിയുടെ ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഷംഷാദ് പൊലീസിന് മൊഴി നൽകിയത്. സംഭവദിവസം അപ്പാർട്ട്മെന്റിൽ യുവാവുമായി സഹോദരി വീഡിയോകോൾ ചെയ്യുന്നത് ഷംഷാദ് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

ചെമ്പഴന്തി അണിയൂരിലെ ഒരു കേസിൽ പ്രതിയായ ഷംഷാദ്, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മണ്ണന്തല ഇസാഫ് ബാങ്കിന് സമീപത്തെ സ്വകാര്യ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് ഒളിവിൽ കഴിഞ്ഞത്. രണ്ട് കുട്ടികളുടെ മാതാവായ ഷഫീന ഭർത്താവുമായി പിണങ്ങി മാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയിരുന്നു.

സഹോദരിയുടെ കുടുംബ പ്രശ്‌നത്തിന് കാരണം മറ്റൊരു യുവാവുമായുള്ള ചാറ്റിംഗും വീഡിയോ കോളുകളുമാണെന്ന സംശയം നേരത്തെ ഷംഷാദിനുണ്ടായിരുന്നു. സംഭവ ദിവസം വീഡിയോ കോളിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഷഫീനയെ മർദ്ദിച്ചതറിഞ്ഞ് പെരുമാതുറയിലെ വീട്ടിൽ നിന്ന് മാതാപിതാക്കൾ മണ്ണന്തലയിലെ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ ഷഫീന അബോധാവസ്ഥയിൽ കട്ടിലിനടിയിൽ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച മാതാപിതാക്കളെ ഷംഷാദ് ഭീഷണിപ്പെടുത്തി. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഷഫീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസെത്തുമ്പോൾ അടുത്ത മുറിയിൽ ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖുമുണ്ടായിരുന്നു. മദ്യലഹരിയിലായ ഇരുവരെയും പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് വിശാഖിനെയും ഒപ്പം കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.