ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

Tuesday 24 June 2025 10:41 AM IST

ടെൽ അവീവ്: ഇസ്രയേൽ നഗരമായ ബീർഷെബയിൽ ഇറാന്റെ മിസൈൽ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ നിരവധി പേർ‌ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇസ്രയേലും ഇറാനും ഒരു വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ബീർഷെബയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് കെട്ടിടങ്ങൾക്ക് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇവിടെ ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയുണ്ടെന്ന് ഇസ്രായേലിന്റെ എമർജൻസി ഏജൻസി മേധാവി എലി ബിൻ പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടിനിർത്തലുമായി ബന്ധപ്പെട്ട് 'ഒരു കരാറും' ഉണ്ടായിട്ടില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി സൂചന നൽകി. ഇതുവരെ, വെടിനിർത്തൽ കരാറിനെക്കുറിച്ച് ഇസ്രായേലിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ല.

ഖത്തറിലെ യു എസ് സൈനിക ബേസിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10നാണ് ദോഹയ്ക്ക് സമീപമുള്ള അൽ-ഉദെയ്ദ് എയർ ബേസിന് നേരെ ആക്രമണമുണ്ടായത്. മിസൈലുകളെ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആർക്കും പരിക്കില്ല. ആക്രമണ സൂചന ലഭിച്ചുടൻ ബേസ് ഒഴിപ്പിച്ച ഖത്തർ വ്യോമപാത അടച്ചിരുന്നു.