വന്ദേഭാരതിൽ സീറ്റിനെ ചൊല്ലി അടിപിടി: ബിജെപി എംഎൽഎ കുരുക്കിലായി
ഭോപ്പാൽ: ബിജെപി എംഎൽഎയും യാത്രാക്കാരനും തമ്മിൽ ട്രെയിനിൽ അടിപിടി. ബബിന എംഎൽഎ രാജീവ് സിംഗ് പരിചയുടെ അണികളും യാത്രക്കാരനും തമ്മിലാണ് തല്ലുണ്ടായത്. ജൂൺ 19ന് പരിച തന്റെ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് യാത്ര ചെയ്ത വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം. യാത്രക്കാരൻ മോശമായി പെരുമാറിയെന്നും ശല്യമുണ്ടാക്കിയെന്നുമാണ് എംഎൽഎയുടെ ആരോപണം.
യാത്രക്കാരനുമായി അണികൾ തല്ലു കൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ബബിന എംഎൽഎ രാജീവ് സിംഗ് പരിചയ്ക്ക് ബിജെപിയുടെ ഉത്തർപ്രദേശ് യൂണിറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. എംഎൽഎയുടെ അണികൾ യാത്രക്കാരനെ മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. അണികൾ യാത്രക്കാരനെ മർദ്ദിക്കുമ്പോൾ എംഎൽഎ ഒരു വശത്തേക്ക് നീങ്ങി നിൽക്കുന്നതായും സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കാണാൻ കഴിയും.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ എംഎൽക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ട്രെയിനിനുള്ളിൽ "ഗുണ്ടാവിളയാട്ടം" നടത്തിയെന്ന് ആരോപിച്ച് മുൻ മദ്ധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ മുകേഷ് നായകും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു, സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി.
യാത്രക്കാരനെ എംഎൽഎയുടെ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും. അയാളുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്നന്നതായും നായക് പറഞ്ഞു. വിഷയം ചൂടുപിടിച്ചതോടെ, യാത്രക്കാരനെതിരെ റെയിൽവേ പൊലീസിൽ പരിച പരാതി നൽകുകയായിരുന്നു. യാത്രക്കാരൻ തന്റെ സ്വകാര്യതയിലേക്ക് കയറി ശല്ല്യപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയിൽ അവകാശപ്പെട്ടു. എതിർത്തപ്പോൾ, യാത്രക്കാരൻ മോശമായി പെരുമാറിയെന്നും, പിന്നീട് ഝാൻസി സ്റ്റേഷനിൽ വച്ച് സ്ഥിതി വഷളാകുകയായിരുന്നുവെന്നും എംഎൽഎ ആരോപിച്ചു.
എന്നാൽ , വൈറലായ ദൃശ്യങ്ങളിൽ സത്യവസ്ഥ മറ്റൊന്നായിരുന്നു. എംഎൽഎ യാത്രക്കാരനുമായി സീറ്റുകൾ കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമിച്ചതിനെ തുടർന്നാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവാദം ഗൗരവമായി എടുത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല പരിചയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു, ഏഴ് ദിവസത്തിനകം മറുപടി നൽകണം. "താങ്കളുടെ പ്രവൃത്തി പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി, അച്ചടക്കമില്ലായ്മയാണ് സംഭവം സൂചിപ്പിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം, അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കും" നോട്ടീസിൽ പറഞ്ഞു.