കള്ളന്മാരും കൊള്ളക്കാരും ഉപയോഗിക്കുന്നത് നിങ്ങളുടെ സിം കാർഡാകാം; ഫോണിൽ തന്നെ കണ്ടെത്തി ബ്ലോക്ക് ചെയ്യാം, അറിയേണ്ടത്

Tuesday 24 June 2025 11:25 AM IST

ഇപ്പോൾ ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. പ്രായഭേദമില്ലാതെ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇന്ന് ഫോൺ നന്നായി ഉപയോഗിക്കാനറിയാം. അതിനാൽ തന്നെ സാമ്പത്തിക ഇടപാടുകളും മറ്റ് സേവനങ്ങളുമെല്ലാം ഫോണിലൂടെ നടത്താനാണ് ഭൂരിഭാഗംപേരും ശ്രമിക്കുന്നത്. സമയം ലാഭിക്കാനും അലച്ചിൽ ഒഴിവാക്കാനും ഇതാണ് നല്ലത്. എന്നാൽ, നല്ല വശം മാത്രമല്ല മോശം വശം കൂടി നമ്മുടെ കയ്യിലുള്ള ഫോണുകൾക്കുണ്ട്. ചെറിയൊരു ക്ലിക്ക് മതി നമ്മുടെ വിവരങ്ങളെല്ലാം ചോർത്താനും അക്കൗണ്ടിലെ പണം മുഴുവൻ നഷ്‌ടപ്പെടാനും.

നമ്മൾ മൊബൈൽ നമ്പറുകൾ പല കാര്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്‌ക്കായി. അവശ്യ സേവനങ്ങളായതിനാൽ തന്നെ ഇവ ഉപയോഗിക്കാതിരിക്കാനുമാകില്ല. ഈ സാഹചര്യം മുതലെടുക്കുകയാണ് പല ഹാക്കർമാരും കള്ളന്മാരും കൊള്ളക്കാരുമെല്ലാം. ആധാർ കാർഡ് ഉപയോഗിച്ചാണ് നമ്മൾ സിം കാർഡ് എടുക്കുന്നത്. ഈ ആധാറും ബാങ്ക് അക്കൗണ്ടുകളും മറ്റെല്ലാ പ്രധാനപ്പെട്ട രേഖകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഹാക്കറിന് എല്ലാ വിവരങ്ങളും ഇതിലൂടെ ചോർത്താനാകും.

പലപ്പോഴും നിങ്ങളുടെ ആധാർ ഉപയോഗിച്ച് നിങ്ങൾ പോലുമറിയാതെ സിം കാർഡുകളെടുത്ത് ഹാക്കർമാർ തട്ടിപ്പുകൾ നടത്താറുണ്ട്. ഇങ്ങനെ നമ്മുടെ ആധാർ അല്ലെങ്കിൽ മറ്റ് രേഖകൾ ഉപയോഗിച്ച് ഒരാൾ സിമ്മെടുത്താൽ നമുക്ക് അറിയാൻ സാധിക്കണമെന്നില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയാനും ചെറുക്കാനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചുള്ള ഒന്നാണ് 'സഞ്ചാർ സാത്തി പ്ലാറ്റ്‌ഫോം'.

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി - ഡോട്ട് ) ആണ് ഈ ഡിജിറ്റൽ സേവനം വികസിപ്പിച്ചെടുത്തത്. നിങ്ങളുടെ മൊബൈൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനുമാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം എന്തെല്ലാം സേവനങ്ങളാണ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

സേവനങ്ങൾ

  • നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും സഹായിക്കും.
  • ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് ഫോൺ ട്രാക്ക് ചെയ്യാൻ സഹായിക്കും.
  • നിങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എടുത്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും കണ്ടെത്താനാകും.
  • വ്യാജ അല്ലെങ്കിൽ സ്‌പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാം.
  • നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണുകളുടെ ആധികാരികത പരിശോധിക്കാം.

'ഇതുവരെ 33.5 ലക്ഷത്തിലധികം വ്യാജ നമ്പറുകളും നഷ്‌ടപ്പെട്ട ഫോണുകളുമാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി ബ്ലോക്ക് ചെയ്‌തത്. 20 ലക്ഷത്തിലധികം മോഷ്‌ടിക്കപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തി. ഇവയിൽ 4.64 ലക്ഷം ഫോണുകൾ അവയുടെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട് ' - ടെലികോം മന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു.

അതേസമയം, വ്യാജ മൊബൈൽ കണക്ഷനുകൾ നിങ്ങളുടെ പേരിൽ എടുത്തിട്ടുണ്ടോ എന്ന് പൗരന്മാർ ശ്രദ്ധിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. സഞ്ചാർ സാത്തി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

  • ആദ്യം sancharsaathi.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.
  • 'സിറ്റിസൺ സെൻട്രിക് സർവീസസ്' എന്നതെടുത്ത് 'നിങ്ങളുടെ മൊബൈൽ കണക്ഷനുകൾ അറിയുക' എന്ന ഓപ്‌ഷൻ ക്ലിക് ചെയ്യുക.
  • ശേഷം നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറും കാപ്ച കോഡും നൽകുക.
  • നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. ലോഗിൻ ചെയ്യാൻ OTP നൽകുക.

  • നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ (ആധാർ പോലുള്ളവ ) ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളുടെയും ഒരു ലിസ്റ്റ് പോർട്ടൽ പ്രദർശിപ്പിക്കും.

നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം കാർഡെടുത്താൽ?

പോർട്ടലിൽ കാണുന്നതിൽ നിങ്ങൾ എടുത്തതല്ലാതെ നമ്പറുകൾ കണ്ടാൽ പരിഭ്രാന്തരാകരുത്. നമ്പർ അൺലിങ്ക് ചെയ്യാനുള്ള ഓപ്‌ഷൻ പോർട്ടലിൽ കാണാം. അതെടുക്കുമ്പോൾ “എന്റെ നമ്പറല്ല” എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോഴൊരു ഐഡി നമ്പർ ലഭിക്കും. ഇതേക്കുറിച്ച് പിന്നീട് നോക്കുന്നതിനായി ഈ ഐഡി സൂക്ഷിക്കുക. അനധികൃതമാണെന്ന് കണ്ടെത്തിയാൽ ആ കണക്ഷനുകൾ നിർജ്ജീവമാകും. അതിലൂടെ ദുരുപയോഗം തടഞ്ഞ് നിങ്ങളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കാം.