ഒരു കാലത്തെ സൂപ്പർ ഹിറ്റ് നായിക; അപകടത്തിന് പിന്നാലെ ദിവസങ്ങളോളം കോമയിൽ, സിനിമാ ജീവിതം തന്നെ അവസാനിപ്പിച്ച് നടി

Tuesday 24 June 2025 12:48 PM IST

1990ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും ഹിറ്റായ ചിത്രമാണ് 'ആഷിഖി'. ബോക്സ്ഓഫീസിൽ വൻ വിജയമാണ് ചിത്രം നേടിയത്. അതിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഒരു താരമുണ്ട്, അനു അഗർവാൾ. ഒരൊറ്റ സിനിമ കൊണ്ടുതന്നെ നിരവധി ആരാധകരെ നടി നേടിയിരുന്നു. പിന്നാലെ അനു അഗർവാളിനെ നിരവധി അവസരങ്ങൾ തേടിയെത്തി. ആഷിഖിയ്ക്ക് ശേഷം 1993ൽ പുറത്തിറങ്ങിയ മണിരത്നംസംവിധാനം ചെയ്ത 'തിരുട തിരുട' എന്ന തമിഴ് ചിത്രത്തിലാണ് അനു അഭിനയിച്ചത്.

ശേഷം 'കസബ് തമാശ', 'രാം ശാസ്ത്ര' തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. തന്റെ അഭിനയം കൊണ്ട് അവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. എന്നാൽ ഒരു അപകടം കാരണം തന്റെ സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്ന നടി കൂടിയാണ് അനു അഗർവാൾ. 1999ലാണ് അനുവിന് ഒരു വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ താരം 29 ദിവസം അബോധാവസ്ഥയിലായിരുന്നു.

എന്നാൽ അപകടത്തിന് ശേഷം ഒരിക്കലും താരത്തിന്റെ ജീവിതം പൂർവ സ്ഥിതിയിൽ എത്തിയില്ലെന്ന് തന്നെ പറയാം. അപകടത്തിൽ വാഹനം കത്തിനശിച്ചിരുന്നതിനാൽ അനുവിന്റെ മുഖത്തിന് സാരമായി പൊള്ളൽ ഏറ്റിരുന്നു. കൂടാതെ ശരീരത്തിന്റെ പകുതി ഭാഗം തളർന്നു. ഓർമ്മകൾ പൂർണമായും നഷ്ടപ്പെട്ട നടിക്ക് തന്റെ പേര് പോലും ഓർമ്മയില്ലായിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് പതിയെ മാറ്റം ഉണ്ടാകാൻ തുടങ്ങിയത്. അതിന് ശേഷം യോഗയിലൂടെയും ധ്യാനത്തിലൂടെയും നടി ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോൾ യോഗ രംഗത്താണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.