25 വയസ് കഴിഞ്ഞ ഇന്ത്യൻ സ്‌‌ത്രീകളാണോ നിങ്ങൾ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

Tuesday 24 June 2025 1:34 PM IST

25 വയസ് പിന്നിട്ട സ്ത്രീകൾ, പ്രത്യേകിച്ച് വിവാഹിതരായ, അമ്മമാരായ സ്ത്രീകളിൽ നല്ലൊരു വിഭാഗം പേരും സ്വന്തം ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകാത്ത കാഴ്‌ചയാണ് നാം കാണുന്നത്. തങ്ങളുടെ ഭർത്താവിനും മക്കൾക്കും മാതാപിതാക്കൾക്കുമാണ് കൂടുതൽ പേരും ശ്രദ്ധ നൽകുക. എന്നാൽ 25ന് മുകളിൽ പ്രായമായ സ്ത്രീകൾ നിർബന്ധമായും പ്രാധാന്യം നൽകേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇരുപതുകൾ പിന്നിട്ട സ്ത്രീകൾ തങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധചെലുത്തേണ്ടത് വളരെ പ്രധാനമാണ്.

സ്ത്രീകളുടെ ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ് കാർബോഹൈഡ്രേറ്റ്. പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ എന്നിവയിൽ ഇത് ധാരാളമായി കാണപ്പെടുന്നു. ആർത്തവം കാരണം മിക്കവാറും സ്ത്രീകളുടെ ശരീരത്തിലും ഇരുമ്പിന്റെ കുറവ് കാണപ്പെടാറുണ്ട്. അതിനാൽ ഇരുമ്പടങ്ങിയ മത്സ്യം, മാംസം, ഇലക്കറികൾ, പയർവർഗങ്ങൾ എന്നിവ ധാരാളമായി കഴിക്കേണ്ടതുണ്ട്. ബീറ്റ്‌റൂട്ട്, നെല്ലിക്ക, ചീര, മാതളം തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ പേശികൾക്കും എല്ലുകൾക്കും ബലം നൽകുന്നതിന് പ്രോട്ടീൻ വളരെ പ്രധാനമാണ്. കൂടാതെ മുടിയുടെയും നഖങ്ങളുടെയും സംരക്ഷണത്തിനും പ്രോട്ടീൻ അവശ്യഘടകമാണ്. മാംസം, മത്സ്യം, മുട്ട, പയറുവർഗങ്ങൾ, പാലുത്പന്നങ്ങൾ തുടങ്ങിയവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.

സ്ത്രീകൾ ഫൈബർ അടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കേണ്ടതായുണ്ട്. പയർ, ഓട്സ്, ക്വിനോവ, ചിയ വിത്തുകൾ, ബ്രോക്കോളി, മധുരക്കിഴങ്ങ്, ബീൻസ്, അവക്കാഡോ, വാഴപ്പഴം തുടങ്ങിയവയിൽ ഫൈബർ ധാരാളമായി അടങ്ങിയി‌ട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വിറ്റാമിൻ-ഡിയും വളരെ പ്രധാനമാണ്.