തിരുവോണനാളിൽ അക്രമം അഴിച്ചുവിട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ, മൂന്ന് വർഷമായി ഇവരുടെ അക്രമങ്ങൾ സഹിക്കുന്നതായി നാട്ടുകാർ

Sunday 15 September 2019 10:00 AM IST

ഇടുക്കി : തിരുവോണനാളിൽ ഇടുക്കി ചേമ്പളത്ത് കുട്ടികളെയടക്കം മർദ്ദിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ അനുയായികളാണെന്ന് പരാതി. കുടുംബം പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറി ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അതേ സമയം തിരുവോണനാളിൽ അക്രമം കാട്ടിയ യുവാക്കളുടെ സംഘം കഴിഞ്ഞ മൂന്ന് വർഷമായി മേഖലയിൽ നിരന്തരം സംഘർഷമുണ്ടാക്കുകയാണെന്നും പൊലീസിൽ നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടികളൊന്നുമെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.

തിരുവോണനാളിൽ അകാരണമായി യുവാവിനെ ഒരു കൂട്ടം അക്രമികൾ മർദ്ദിക്കുന്നത് കണ്ടും സമീപത്തെ വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് മദ്യലഹരിയാലായിരുന്ന അക്രമികൾ കുടുംബത്തിന് നേരെ തിരിഞ്ഞത്. എട്ടുവയസുകാരിയുൾപ്പടെ നാലംഗ കുടുംബത്തെയാണ് ഇവർ മർദ്ദിച്ചത്. രാത്ര സിനിമ കണ്ടു മടങ്ങുകയായിരുന്ന രണ്ടു കുട്ടികളുൾപ്പെട്ട മറ്റൊരു കുടുംബത്തെയും സംഘം തടഞ്ഞു നിർത്തി മർദ്ദിച്ചിരിന്നു. നെടുങ്കണ്ടം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.