അടിവസ്‌ത്രം മാത്രം ധരിച്ച് രാത്രി വീടുകളിലെത്തും; വാതിലിലും ജനലിലും ശക്തിയായി ചവിട്ടും, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

Tuesday 24 June 2025 4:03 PM IST

മലപ്പുറം: അർദ്ധരാത്രിയിൽ പലയിടങ്ങളിലും അടിവസ്‌ത്രം മാത്രം ധരിച്ച യുവാവെത്തുന്നു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. വീടുകളിലെത്തി ജനലും വാതിലും ശക്തമായി തള്ളിത്തുറക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം നിള പാർക്കിന് സമീപം താമസിക്കുന്ന അധികാരത്ത് ഷാഹുൽ ഹദീമിന്റെ വീട്ടിലും ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപത്തെ ഒരു വീട്ടിലുമാണ് സമാനമായ സംഭവം ഉണ്ടായത്.

ഷാഹുൽ ഹദീമിന്റെ വീട്ടിൽ പുലർച്ചെ ഉച്ചത്തിലുള്ള ശബ്‌ദം കേട്ട് അദ്ദേഹത്തിന്റെ ഇളയ മകൻ ജനലിലൂടെ നോക്കിയപ്പോഴാണ് അടിവസ്‌ത്രം മാത്രം ധരിച്ച യുവാവിനെ കണ്ടത്. ഇയാൾ വീടിന്റെ ജനലിലും വാതിലിലും ശക്തിയായി ചവിട്ടുകയും അടിക്കുകയും ചെയ്‌തു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ട ഇയാൾ തന്റെ കയ്യിൽ പണമുണ്ടെന്നും അത് തട്ടിയെടുക്കാൻ ആളുകൾ വരുന്നുണ്ടെന്ന് പറഞ്ഞുവെന്നുമാണ് വീട്ടുകാർ പറയുന്നത്.

ഭയന്ന വീട്ടുകാർ ഉടൻ തന്നെ കുറ്റിപ്പുറം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. ഇതേ സംഭവമാണ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപത്തെ വീട്ടിലും നടന്നത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. വിദേശത്തുള്ള മകൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ പ്രദേശത്തെ ജനങ്ങളെല്ലാം ആശങ്കയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.