റബർ വീണ്ടും 200 കടന്നു

Wednesday 25 June 2025 12:01 AM IST

കോട്ടയം : കനത്ത മഴയിൽ ഉത്പാദനം കുറഞ്ഞതോടെ റബർ വില വീണ്ടും 200 കടന്നു. റെയിൻ ഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് നടത്തുന്നവർക്കാണ് ഇതിന്റെ നേട്ടം. ഭീമമായ ചെലവ് ഓർത്ത് പലരും ഇതിന് തയ്യാറായിരുന്നില്ല. റബർബോർഡ് വില 200.50, വ്യാപാരി വില 192.50. എന്നാൽ 200 ലും താഴെ വിലയ്ക്കാണ് ടയർ കമ്പനികൾ വാങ്ങുന്നത്. വിപണിയിൽ നിന്നു വിട്ടുനിന്ന് ഡിമാൻഡ് ഇല്ലാതാക്കുകയാണ് ലക്ഷ്യം. കേരളത്തെ തഴഞ്ഞു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കൃഷിയ്ക്ക് റബർ ബോർഡ് കൂടുതൽ താത്പര്യം കാണിച്ചതോടെ അവിടെ ഉത്പാദനം വർദ്ധിച്ചു. കുറഞ്ഞ വിലയ്ക്ക് ഷീറ്റ് ലഭിക്കുമെന്നായതോടെ ടയർകമ്പനികൾ കൂട്ടത്തോടെ അങ്ങോട്ടു കേന്ദ്രീകരിച്ചു. ഉത്പാദന ചെലവ് കുറവായതിനാൽ പല കമ്പനികളും കൃഷിക്കായി അവിടെ വൻ മുതൽ മുടക്കും നടത്തിയിട്ടുണ്ട്.

കറുത്ത പൊന്നിന് കഷ്ടകാലം ഇറക്കമതി ലോബിയും അന്തർ സംസ്ഥാന കച്ചവടക്കാരും ഒത്തു കളിച്ചതോടെ കുരുമുളക് വില വീണ്ടും ഇടിഞ്ഞു.

കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് ക്വിന്റലിന് 800 രൂപയാണ് ഇടിവ്. ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്ത കുരുമുളക് സ്റ്റോക്കുള്ളതിനാൽ വിറ്റഴിക്കാൻ വ്യാപാരികൾ കാട്ടിയ താത്പര്യം ഹൈറേഞ്ച് കുരുമുളകിന് തിരിച്ചടിയായി. വില ഇടിഞ്ഞതോടെ കർഷകരും ചരക്ക് പിടിച്ചുവച്ചിരിക്കുകയാണ്.