ഇറക്കം കുറഞ്ഞ കുർത്തികളും,​ സ്ലീവ്‌ലെസ് ടോപ്പുകളും ധരിച്ചവരെ പുറത്താക്കി വിമൻസ് കോളേജ്

Sunday 15 September 2019 11:49 AM IST

ഹൈദരാബാദ്:​ വിദ്യാർത്ഥികളുടെ വസ്ത്രധാരണ രീതിയിൽ കർശന നിർദേശങ്ങളുമായി വിമൻസ് കോളേജ്. ഹൈദരാബാദിലെ സെന്റ് ഫ്രാൻസിസ് വിമൻസ് കോളേജിലാണ് പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക നിയമം രൂപീകരിച്ചത്.

ചെറിയ സ്ലീവുള്ളതും സ്ലീവ്‌ലെസ് വസ്ത്രങ്ങളും,​ മുട്ടിന് മുകളിലുള്ള കുർത്തികൾ എന്നിവയ്ക്കാണ് കോളേജ് ക്യാമ്പസിനുള്ളിൽ വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞമാസം ഒന്നാം തീയതി മുതലാണ് കോളേജിൽ പുതിയ നിയമം നിലവിൽ വന്നത്. നിർദേശങ്ങൾ പാലിക്കാത്തതിനാൽ നിരവധി വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കി.

മുട്ടിന് ഒരിഞ്ച് മുകളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് പോലും വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നല്ല വിവാഹ ആലോചനകള്‍ ലഭിക്കണമെങ്കില്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളോട് അറിയിച്ചതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സനോബിയ തുമ്പി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഈ വിഷയത്തിനെതിരെ പ്രതികരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് അധികൃതർ പറഞ്ഞെന്നും കുറിപ്പിൽ പറയുന്നു.