ജാനകി" മാറ്റില്ലെന്ന് ആവർത്തിച്ച് നിർമ്മാതാക്കൾ
സുരേഷ്‌ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെ.എസ്.കെ (ജാനകി V/s സ്റ്റേറ്റ് ഒഫ് കേരള)യുടെ റിലീസ് തടഞ്ഞ നടപടി ആറുദിവസം പിന്നിടുമ്പോഴും നിലപാടറിയിക്കാതെ കേന്ദ്ര ഫിലിം സെൻസർ ബോർഡ് . ജൂൺ 27ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമ പുറത്തിറക്കാൻ സെൻസറിംഗ് സർട്ടിഫിക്കറ്റോ ഷോക്കോസോ സി.ബി.എഫ്.സി നൽകുന്നില്ല. റിലീസിനെ സംബന്ധിച്ച് അന്തിമ തീരുമാനം റിവൈസ് കമ്മിറ്റിക്ക് വിട്ടേക്കുമെന്നാണ് സൂചന. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സി.ബി.എഫ്.സിയുടെ നിർദ്ദേശം. ഈ മാസം 18നായിരുന്നു സിനിമയുടെ സെൻസറിംഗ് പൂർത്തിയാക്കിയത്. അതേസമയം പേര് മാറ്റാൻ കഴിയില്ലെന്ന നിലപാട് ആവർത്തിച്ച് നിർമ്മാതാക്കൾ. സിനിമയുടെ സർട്ടിഫിക്കേഷൻ നേരത്തേ പൂർത്തിയായതാണ്. യു / എ 13 റേറ്റിംഗ് ആണ് സിനിമയ്ക്ക് സംസ്ഥാന സെൻസർ ബോർഡ് നൽകിയത്. ചിത്രത്തിന് ഒരു കട്ട് പോലുമില്ലാതെ മികച്ച അഭിപ്രായം നൽകുകയും ചെയ്തു. റിലീസ് അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കു എതിരെ രൂക്ഷവിമർശനവുമായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ രംഗത്തെത്തി.
സിനിമയുടെ പേരിൽ നിന്നു മാത്രമല്ല, കഥാപാത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശം. വാക്കാലുള്ള നിർദ്ദേശമാണ് . രേഖാമൂലം നൽകിയാൽ നിയമപരമായി നിലനിൽക്കില്ല എന്നത് സെൻസർ ബോർഡിന് അറിയാമെന്ന് ബി. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.