സ്മാർട്ടാകാതെ... വാമനപുരം രജിസ്ട്രാർ ഓഫീസ്
വെഞ്ഞാറമൂട്: വാമനപുരം സബ് രജിസ്ട്രാർ ഓഫീസിലെത്തുന്നവർ തലയിലെ ഹെൽമെറ്റ് തത്കാലം ഊരണ്ട, എപ്പോഴാണ് മേൽക്കൂര അടർന്നുവീഴുന്നതെന്ന് പറയാൻ പറ്റില്ല. സർക്കാർ ഭൂമിൽ മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് വാമനപുരം പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ്‌വരെ "മുകളിൽ നിന്നും തട്ട് പൊളിഞ്ഞു വീഴുന്നതിനാൽ ആളുകൾ ശ്രദ്ധിക്കേണ്ടതാണ് " എന്ന മുന്നറിയിപ്പ് ബോർഡ് ഓഫീസിലെത്തുന്നവർക്കായി സ്ഥാപിച്ചിരുന്നു. ഇപ്പോൾ ആ ബോർഡ് അവിടെനിന്ന് നീക്കി.
അസ്ഥിവാരവും തെളിഞ്ഞു
കെട്ടിടത്തിന്റെ മുകളിൽ വിവിധ ഭാഗങ്ങളിലേയും സീലിംഗ് ഇളകി കമ്പികൾ പുറത്തുകാണാൻ കഴിയുന്ന അവസ്ഥയിലാണ്. രജിസ്ട്രാർ ഉൾപ്പെടെ എട്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. മഴക്കാലമായാൽ ചോർച്ചയും രൂക്ഷമാണ്. അടുത്തകാലത്തായി കുറച്ച് മരാമത്ത് പണികൾ ചെയ്ത് തത്കാലം ചോർച്ച ഒഴിവാക്കി. എന്നാലും കോൺക്രീറ്റ് പാളി അടരുന്നതിന് കുറവില്ല.
പരിമിതികൾ മാത്രം
മണ്ഡലത്തിലെ സർക്കാർ ഓഫീസുകളെല്ലാം ഹൈടെക് ആകുമ്പോൾ ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകൾ എത്തുന്ന സബ് രജിസ്ട്രാർ ഓഫീസ് മാത്രം പഴമയിൽ പരിമിതികളുമായി തുടരുകയാണ്. ആധുനിക രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കെട്ടിടം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.