ലഹരി വില്പന : പ്രധാന ഇടനിലക്കാരൻ അറസ്റ്റിൽ 

Wednesday 25 June 2025 1:31 AM IST

കോട്ടയം : ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ 12 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പൊലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരുമാസം മുമ്പ് ഇയാളുടെ കൂട്ടാളിയെ പിടികൂടിയിരുന്നു. ഡിവൈ.എസ്.പി കെ.ജി അനീഷ്,നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ്, ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രവീൺ, മനോജ്, പ്രീതി, പ്രദീപ്, രമേശൻ, കഹാർ, കിഷോർ, ഡാൻസാഫ് ടീം എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി.