എ.ബി.സി സെന്റർ ഇന്ന് തുറക്കും .... ഇനി കടി പേടിക്കേണ്ട

Wednesday 25 June 2025 12:39 AM IST

കോട്ടയം : ജില്ലയിൽ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതോടെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നു. ഇടവേളയ്ക്ക് ശേഷം എ.ബി.സി സെന്റർ ഇന്ന് തുറക്കും. വന്ധ്യംകരണ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കുകയാണ് ലക്ഷ്യം. കോടിമത മത്സ്യമാർക്കറ്റിന് സമീപമുള്ള സെന്റർ അണുവിമുക്തമാക്കി. മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് സെന്റർ. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലാണ് പദ്ധതി. പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകൾക്ക് പുറമെ, കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിൽ നിന്നും പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തും. ബസ് സ്റ്റാൻഡുകൾ, നിരത്തുകൾ തുടങ്ങിയ ഇടങ്ങൾ എല്ലാം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. വാഹന - കാൽനടയാത്രക്കാരുടെയും നേരെ കുരച്ചുചാടിയെത്തുന്നത് പതിവാണ്. ദിവസങ്ങൾക്ക് മുൻപ് തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം ചങ്ങനാശേരി സ്വദേശിനികളെ തെരുവ് നയാക്കൾ ആക്രമിച്ചിരുന്നു.

ആദ്യഘട്ടം നഗരസഭ പരിധിയിൽ ആദ്യഘട്ടത്തിൽ നഗരസഭയിലെ നായ്ക്കളെയാണ് പിടികൂടുന്നത്. നായ ഒന്നിന് 2100 രൂപ വീതം തദേശസ്ഥാപനങ്ങൾ നൽകണം. കഴിഞ്ഞ വർഷം 1732 നായ്ക്കളെ വന്ധ്യംകരിച്ചു. ദിവസം 10 നായ്ക്കളെ വന്ധ്യംകരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മാസം 250 തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യാം. വന്ധ്യംകരണം ചെയ്യുന്ന പെൺനായ്ക്കളെ ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചുദിവസവും ആൺനായ്ക്കളെ നാലുദിവസവും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിൽ പരിചരിച്ച് മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പുവരുത്തി പേവിഷ ബാധയ്‌ക്കെതിരേയുള്ള പ്രതിരോധവാക്‌സിനും നൽകി പുറത്തുവിടും.

ജീവനക്കാർ രണ്ട് ഡോഗ് ക്യാച്ചേഴ്‌സ് ഒരു വെറ്ററിനറി സർജൻ അനസ്തറ്റിക് അസിസ്റ്റന്റ് നാല് കെയർ ടേക്കർമാർ

ആധുനിക ഓപ്പറേഷൻ തിയേറ്റർ പ്രീ ആൻഡ് പോസ്റ്റ് പരിചരണ മുറികൾ സി.സി.ടി.വി കാമറ, ഓഫീസ് റൂം, സ്റ്റോർ റൂം അണുനശീകരണ സംവിധാന മുറി പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡ് ജീവനക്കാർക്ക് ഡോർമിറ്ററി സംവിധാനം