നിരവധി തവണ താക്കീത് ചെയ്തിട്ടും ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു, വിദ്യാർത്ഥികളെ പാഠം പഠിപ്പിക്കാൻ പ്രധാനാദ്ധ്യാപകൻ ചെയ്തത്...

Sunday 15 September 2019 2:58 PM IST

ബംഗളൂരു: ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരവധി തവണ വിലക്കിയിട്ടും അനുസരിക്കാത്ത വിദ്യാർത്ഥികളെ പാഠം പഠിപ്പിച്ച് പ്രധാനാദ്ധ്യാപകൻ. കർണ്ണാടകയിലെ എംഇഎസ് പിയു കോളേജിലാണ് സംഭവം.ക്ലാസ് മുറികളിൽ ഫോൺ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും കോളേജിൽ വിലക്കുണ്ട്.

ഫോൺ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത് പല തവണ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അപ്പോഴൊക്കെ താക്കീത് നൽകി. ഇനിയും ഇത് ആവർത്തിച്ചാൽ ഫോൺ നശിപ്പിച്ച് കളയുമെന്നും അദ്ധ്യാപകർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച ചില വിദ്യാർത്ഥികൾ ഫോൺ ക്ലാസ് മുറിയിൽ കൊണ്ടുവന്നു.

അദ്ധ്യാപകർ നടത്തിയ പരിശോധനയിൽ 16 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ശേഷം വിദ്യാർത്ഥികളോട് പ്രിൻസിപ്പൽ കോളേജ് ഹാളിലെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികളുടെ കൺമുന്നിൽവച്ച് ഫോണുകൾ ചുറ്റികകൊണ്ട് തല്ലിത്തകർത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.