പോക്സോ കേസ് : ബംഗാളിക്ക് കഠിന തടവും പിഴയും
കാട്ടാക്കട:ബുദ്ധിമാന്ദ്യമുള്ളതും ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തതുമായ 13കാരിയെ പീഡിപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് കഠിന തടവും പിഴയും. ബംഗാൾ മാൾഡ ചാർ ബാബൂപൂർ രാമശങ്കർ ടോലയിൽ ശംഭുമണ്ഡലിനെ(26)യാണ് 13 വർഷവും ആറ്മാസവും കഠിന തടവിനും 30,000രൂപ പിഴയടയ്ക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും പിഴയൊടുക്കിയില്ലെങ്കിൽ 12മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.പിഴത്തുക അപര്യാപ്തമായതിനാൽ കുട്ടിയ്ക്ക് അർഹമായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയ്ക്കും കോടതി നിർദ്ദേശം നൽകി.
2023 നവംബർ 15നാണ് സംഭവം.മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം കുട്ടി അമ്മൂമ്മയോടൊപ്പം സിറ്റൗട്ടിൽ ഇരിയ്ക്കുമ്പോൾ പ്രതി അമ്മൂമ്മയോട് സംസാരിക്കുകയും തുടർന്ന് അമ്മൂമ്മ പുറത്തുപോയപ്പോൾ വീടിന് പുറക് വശത്തുകൂടി അകത്ത് കടന്ന പ്രതി കുട്ടിയെ മുറിയ്ക്കുള്ളിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മൂമ്മ എത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.