കൊട്ടിയൂർ പെരുമാൾക്ക് രോഹിണി ആരാധനാപൂജ മൂന്നുവർഷത്തെ ഇടവേളയ്ക്കൊടുവിൽ ആലിംഗന പുഷ്പാഞ്ജലിയും
കൊട്ടിയൂർ :വൈശാഖ മഹോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനാ പൂജയായ രോഹിണി ആരാധനയും അതിവിശിഷ്ടമായ ആലിംഗന പുഷ്പാഞ്ജലിയും ഇന്നലെ അക്കരെ കൊട്ടിയൂരിൽ നടന്നു.കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്.
ഇന്നലെ രാവിലെ അക്കരെ കൊട്ടിയൂരിലെത്തിയ നായ്ക്കൻ സ്ഥാനികനെ തേടൻ വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിച്ചു.ഉച്ചയ്ക്ക് ആലിംഗന പുഷ്പാഞ്ജലിയുടെ സമയമായപ്പോൾ സ്ഥാനികൻ മണിത്തറയിൽ പ്രവേശിച്ചു. കുറുമാത്തൂർ മണിത്തറയിൽ കയറിയതോടെ വാദ്യങ്ങളും ഹരി ഓം വിളികളും അക്കരെ സന്നിധാനത്ത് മുഴങ്ങി. തുളസിക്കതിരും തീർത്ഥവും ഉപയോഗിച്ച് പൂജ ചെയ്ത ശേഷം നമ്പൂതിരിപ്പാട് ഭക്തിപൂർവ്വം സ്വയംഭൂവിഗ്രഹത്തെ ആലിംഗനം ചെയ്തു. ഓംകാര മന്ത്രധ്വനികളാലും മഴയിലും സന്നിധാനം ഭക്തിസാന്ദ്രമായി മാറി. പുഷ്പാഞ്ജലി കഴിഞ്ഞ് നായ്ക്കൻ സ്ഥാനികൻ മണിത്തറയിൽ നിന്ന് ഇറങ്ങുന്നതു വരെ വാദ്യം തുടർന്നു.രോഹിണി ആരാധനയുടെ ഭാഗമായി ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും ഉണ്ടായിരുന്നു. വൈകുന്നേരം പെരുമാൾക്ക് പാലമൃത് അഭിഷേകവും നടത്തി.
നാല് ആരാധനാ പൂജകൾക്ക് ശേഷം നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യവും ഉത്സവകാലത്ത് പെരുമാൾക്ക് നിവേദിക്കും. ആദ്യത്തെ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നാളെ നടക്കും.കോട്ടയം സ്വരൂപത്തിലെയും പാരമ്പര്യ ഊരാളന്മാരുടെ തറവാടുകളിലെയും ഏഴില്ലക്കാരായ തറവാടുകളിലെയും സ്ത്രീകൾ വൈശാഖ മഹോത്സവത്തിനെത്തുമ്പോൾ തൃക്കൂർ അരിയളവ് കഴിഞ്ഞാണ് മടക്കുക.രോഹിണി ആരാധനാ നാളിലെ ആലിംഗന പുഷ്പാഞ്ജലി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ അക്കരെ സന്നിധിയിലെത്തിയത്.