ഓൺലൈൻ തട്ടിപ്പ് കേസി​ലെ പ്രതി റിമാൻഡിൽ

Wednesday 25 June 2025 3:48 AM IST

ആലപ്പുഴ : ഓൺലൈൻ ജോലിയിലൂടെ വീട്ടിലിരുന്ന് വൻതുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണിയെ റിമാൻഡ് ചെയ്തു. മലപ്പുറം വേങ്ങര കള്ളിയത്ത്‌ വീട്ടിൽ മുഹമ്മദ് റാഫിയാണ് റിമാൻഡി​ലായത്. ആലപ്പുഴ സൈബർ ക്രൈം സി​.ഐ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലാ സബ് ജയിലിൽ റിമാന്റിലാണെന്ന് അറിഞ്ഞത്.

തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും പ്രതിയെ ആലപ്പുഴയിൽ എത്തിക്കുകയുമായിരുന്നു. ആലപ്പുഴ സൈബർ ക്രൈം സി​.ഐയുടെ അപേക്ഷ പ്രകാരം പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. പരാതിക്കാരനെ ടെലിഗ്രാം അക്കൗണ്ട് വഴി ഫീനിക്‌സ് മിൽസ് എന്ന സ്ഥാപനത്തിന്റെ എച്ച്.ആർ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് . 2024 നംവബർ, ഡിസംബർ മാസത്തിലെ വിവിധ തീയതികളിൽ 7 തവണകളായി പരാതിക്കാരൻ 6,97,551രൂപയാണ് തട്ടിയെടുത്തത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്ര് ചെയ്തിരുന്നു.