കാഥികയും പൂജാരിണിയും; ഡബിൾ റോളിൽ വിമല

Wednesday 25 June 2025 1:08 AM IST

ആലപ്പുഴ : അമ്പതു വർഷമായി വേദികളിൽ കഥപറഞ്ഞു ആസ്വാദകരുടെ മനം കീഴടക്കിയ കാഥിക കായംകുളം വിമല പത്തു വർഷമായി പൂജാരിണിയുടെ റോളിലും . ഗുരുപൂജയും അഗ്നിഹോത്ര ഹോമവും ചെയ്യുന്നതിനു പുറമേ, പൂജാവിധിപ്രകാരം വിവാഹങ്ങൾ നടത്തിക്കൊടുക്കാനും പോകാറുണ്ട്. ശിവഗിരിയിൽ നിന്നും മുഹമ്മ വിശ്വഗാജി മഠത്തിൽനിന്നുമാണ് പൂജാവിധികൾ പഠിച്ചത്.

അറുപത് വയസിനിടെ, സൂപ്പർ ഹിറ്റ് കഥ 'ഗുരുദേവൻ' ഏഴായിരത്തിലധികം വേദികളിലാണ് അവതരിപ്പിച്ചത്. പരേതനായ കലാകാരൻ ആലപ്പി ടി.വി.ജേക്കബ് 45 ദിവസം വിമലയുടെ വീട്ടിൽ താമസിച്ചാണ് കഥാപ്രസംഗരൂപത്തിൽ 'ഗുരുദേവൻ' ചിട്ടപ്പെടുത്തിയത്.

ആലപ്പി സദാനന്ദനായിരുന്നു ആദ്യഗുരു.

ആദ്യമായി വേദിയിൽ കഥാപ്രസംഗം അവതരിപ്പിക്കുമ്പോൾ, പ്രായം വെറും പത്തുവയസ്.

വീടിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷപരിപാടിയുടെ ഭാഗമായിട്ടായിരുന്നു അരങ്ങേറ്റം. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് അന്ന് പൊലീസ് സ്റ്റേ ഉത്തരവുമായി എത്തി. കൊച്ചുകുട്ടിയായ വിമല അവതരിപ്പിച്ചുകൊണ്ടിരുന്ന 'വീണ' എന്ന കഥ പൂർത്തിയാകുന്നതുവരെ പൊലീസ് കാത്ത് നിന്നു. കഥ അവസാനിച്ചതോടെ ഇൻസ്പെക്ടർ സമ്മാനമായി രണ്ട് രൂപ നൽകി അനുഗ്രഹിച്ച ശേഷമാണ് സ്റ്റേ നടപ്പാക്കിയത്. അന്ന് പൂട്ട് വീണ ക്ഷേത്രം രണ്ട് പതിറ്റാണ്ടു കഴിഞ്ഞ് കോടതി ഉത്തരവ് പ്രകാരം തുറന്നപ്പോഴും ആദ്യ പരിപാടിയായി വിമലയുടെ കഥാപ്രസംഗമുണ്ടായിരുന്നു.

കായംകുളം എസ്.എൻ വിദ്യാപീഠത്തിൽ സംഗീതാദ്ധ്യാപികയായും ജോലി നാേക്കി. എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെ ഏണിപ്പടികൾ, രാമായണം തുടങ്ങിയ കഥകൾക്ക് പുറമേ സ്വന്തമായി ചിട്ടപ്പെടുത്തിയ സതി, ഇന്ദിരാപ്രിയദർശിനി, അഭിനിവേശം തുടങ്ങി നിരവധി കഥകളും വേദികളിൽ അവതരിപ്പിച്ചു. തബലിസ്റ്റ് കരീലക്കുളങ്ങര അശ്വനിയിൽ എ.രത്നാകരനാണ് ഭർത്താവ്. ഏകമകൻ അശ്വനിരത്നൻ (ന്യൂസിലൻഡ്). ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായ വിമല ഗാനമേള ട്രൂപ്പിനൊപ്പവും പ്രവർത്തിക്കുന്നുണ്ട്. ഗുരുധ‌ർമ്മ പ്രചരണസഭയുടെ മാതൃസഭ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്.