ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖാ വിവാദം, നേതാക്കൾക്കെതിരെ നടപടി താക്കീതിലൊതുക്കി
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖാ വിവാദത്തൽ നേതാക്കൾക്ക്സം സ്ഥാന എക്സിക്യൂട്ടീവിൽ താക്കീത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയുമാണ് താക്കീത് ചെയ്തത്. ഇരു നേതാക്കളുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്.
ബോധപൂർവം പാർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പാർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കുമെന്നും ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും നൽകിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കാർ യാത്രക്കിടയിലെ തങ്ങളുടെ സംഭാഷണം റെക്കാർഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദാകരണം നൽകിയില്ല. കമല സദാനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോർന്നത്. സംഭാഷണം പുറത്തുവന്നതോടെ ഇരുവരും സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.
ബിനോയ് വിശ്വം പുണ്യാളനാകാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമർശമെന്നായിരുന്നു നേതാക്കൾ അന്ന് നൽകിയ വിശദീകരണം.