പാറശാല-കുടപ്പനമൂട് മലയോര ഹൈവേയിൽ അപകടങ്ങൾ പതിവാകുന്നു

Wednesday 25 June 2025 1:21 AM IST

വെള്ളറട: പാറശാല-കുടപ്പനമൂട് മലയോര ഹൈവേയിൽ അപകടങ്ങൾ പതിവാകുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണം. കന്നുമാംമൂട്, കാരക്കോണം,പുല്ലന്തേരി, തോലടി ഭാഗങ്ങളിൽ നാലുമാസത്തിനിടയിൽ 18 ഓളം അപകടങ്ങളുണ്ടായിട്ടുണ്ട്. അതിർത്തി പ്രദേശമായതിനാൽ കേരള തമിഴ്നാട് പൊലീസും ഈ ഭാഗത്ത് വാഹന പരിശോധനയ്ക്ക് എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങളിൽപ്പെടുന്നതിലേറെയും യുവാക്കൾ ഓടിക്കുന്ന വാഹനങ്ങളാണ്. ഇരുചക്രവാഹനങ്ങളുടെ സ്റ്റാൻഡ് ഓട്ടത്തിനിടയിൽ അമിത വേഗതിയിൽ റോഡിൽ ഉരസി തീപ്പൊരിതെറിപ്പിച്ചാണ് യാത്ര. ഇത്തരത്തിലുള്ള വാഹനങ്ങളിൽ മൂന്നും നാലും പേരാണ് യാത്ര ചെയ്യുന്നത്. ഇത് നിയന്ത്രിക്കുന്നതിന് നടപടിയുണ്ടായാൽ മാത്രമേ അപകടമരണങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളു.

വാഹന പരിശോധന കർശനമാക്കണം

മിക്കപ്പോഴും ഈ ഭാഗങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ കേസെടുക്കാൻ നിയമ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതിർത്തി കേന്ദ്രീകരിച്ച് വാഹന പരിശോധന കർശനമാക്കാൻ ആർ.ടി.ഒ അധികൃതർ തയ്യാറായാൽ അപകടങ്ങൾ കുറക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.