കെ. ബാലകൃഷ്ണൻ സി.പി.എം ചെറുവത്തൂർ ഏരിയ സെക്രട്ടറി 

Tuesday 24 June 2025 10:24 PM IST

ചെറുവത്തൂർ( കാസർകോട്): നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയ്ക്ക് പകരം സി.പി.എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ചീമേനിയിലെ കെ. ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സിക്രട്ടറിയേറ്റംഗം എം. വി. ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രൻ, എം. രാജഗോപാലൻ എംഎൽഏ, സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗം പി. ജനാർദ്ദനൻ, ജില്ലാക്കമ്മിറ്റിയംഗം രജീഷ് വെള്ളാട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗമാണ് മാധവൻ മണിയറയ്ക്ക് പകരം ചീമേനി കരക്കാട്ട് സ്വദേശിയായ ബാലകൃഷ്ണനെ തിരഞ്ഞെടുത്തത്.

ബാലസംഘം ജില്ലാ സിക്രട്ടറിയായി രാഷ്ട്രീയ ജീവിതമാരംഭിച്ച കെ. ബാലകൃഷ്ണൻ ഡി.വൈ.എഫ്,ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.ഐ.ടി.യു ജില്ലാക്കമ്മിറ്റിയംഗം, അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഈ മാസം ആദ്യം ചേർന്ന സി പി എം കാസർകോട് ജില്ലാ കമ്മിറ്റി യോഗവും ജില്ലാ സെക്രട്ടറിയേറ്റ് യോഗവും മാധവനെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാകമ്മിറ്റി അംഗത്വം നിലനിർത്താനും തീരുമാനിച്ചിരുന്നു.

മാധവനെ മാറ്റിയത് പാർട്ടി മാനദണ്ഡം പാലിക്കാത്തതിനെന്ന് സി പി എം

പാർട്ടി അംഗങ്ങൾ സ്ഥലം വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട ഘടകത്തിന്റെ അനുമതി വാങ്ങണമെന്നമാനദണ്ഡം പാലിക്കാത്തിതിനെ തുടർന്ന് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പാർട്ടി അംഗങ്ങളിലും പ്രവർത്തകരിലും തെറ്റിദ്ധാരണ ഉണ്ടാക്കിയതിനാണ് മാധവൻ മണിയറയെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സി.പി.എം വാർത്ത കുറിപ്പിൽ അറിയിച്ചു.