യുവാവിനെ തലയ്ക്കടിച്ചുകൊന്ന പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
പത്തനംതിട്ട: മുൻവിരോധം കാരണം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പള്ളിക്കൽ പഴകുളം പടിഞ്ഞാറ് തടത്തിവിള കിഴക്കേതിൽ വീട്ടിൽ സജീവ് (42), പള്ളിക്കൽ പഴകുളം പടിഞ്ഞാറ് സംസം വില്ലയിൽ നജീബ് (49) എന്നിവരെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജ് ജി.പി.ജയകൃഷ്ണൻ ശിക്ഷിച്ചത്. പള്ളിക്കൽ പഴകുളം ഐഫ മൻസിലിൽ ഷറഫുദ്ദീൻ(42)ആണ് കൊല്ലപ്പെട്ടത്. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യക്കും രണ്ടു മക്കൾക്കും നൽകണം. പിഴ അടയ്ക്കാതിരുന്നാൽ വസ്തുക്കളിൽ നിന്ന് പിടിച്ചെടുത്ത് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കോടതി വിധിയിൽ പറയുന്നു. അടൂർ പൊലീസ് 2019 മേയ് 26 ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് കോടതിയിൽ ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ ആൻസി സഹായിയായി.