അകമലയിൽ കാട്ടാന ആക്രമണം: ഫോറസ്റ്റ് സ്റ്റേഷന്റെ മതിൽ തകർത്തു
Wednesday 25 June 2025 12:00 AM IST
വടക്കാഞ്ചേരി : അകമല ഫോറസ്റ്റ് സ്‌റ്റേഷൻ കെട്ടിടത്തിന് നേരെ കാട്ടാന ആക്രമണം. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഗേറ്റ് തകർക്കാൻ ശ്രമിച്ച ആന മതിൽ കുത്തിമറിച്ചിട്ടു. ഏഴ് മീറ്റർ നീളത്തിലുള്ള മതിലാണ് തകർത്തത്. നാല് പനകൾ മറിച്ചിട്ട് ഭക്ഷണമാക്കി. ഷെഡിൽ വിശ്രമിച്ചതിന്റെ സൂചനകളുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. തൃശൂർ-പീച്ചി ഫോറസ്റ്റ് ഡിവിഷനുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2021 ഏപ്രിൽ 18ന് അകമല ഫോറസ്റ്റ് സ്‌റ്റേഷൻ അടച്ചുപൂട്ടിയത്. ഫോറസ്റ്റ് സ്‌റ്റേഷൻ തുറക്കണമെന്ന് എം.പിയും എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ഇതുവരെ വനംവകുപ്പ് പുനർവിചിന്തനം നടത്തിയിട്ടില്ല.