നിരാമയ ഇൻഷ്വറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ബിന്ദു

Wednesday 25 June 2025 1:12 AM IST

തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ പുനഃസ്ഥാപിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇതിനായി എഴുപത്തഞ്ചുലക്ഷം രൂപ അനുവദിച്ചു. എൽ.എൽ.സി മുഖേനയാണ് പദ്ധതി തുടരുക. ഓട്ടിസം, സെറിബ്രൽപാൾസി, ബൗദ്ധികവെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി വിഭാഗങ്ങൾക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ പ്രീമിയം മുഴുവനായും 2017 മുതൽ 2023 മാർച്ച് വരെ സാമൂഹ്യനീതിവകുപ്പ് അടച്ച് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാർ ഗുണഭോക്താക്കളായിരുന്നു.

പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി നിരാമയ അടക്കമുള്ള ഇൻഷുറൻസ് പദ്ധതികളും ചികിത്സാസഹായവും മെഡിക്കൽ ഇൻഷുറൻസും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചു.