ഗോവിന്ദൻ മാഷോട് നന്ദിയുണ്ടെന്ന് എം.കെ. മുനീർ
കോഴിക്കോട്: തിരഞ്ഞെടുപ്പ് തലേന്ന് സി.പി.എമ്മിന്റെ ആർ.എസ്.എസ് ബന്ധം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുറന്നു സമ്മതിച്ചത് നിലമ്പൂരിൽ യു.ഡി.എഫിന് ഗുണമായതായി മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപ നേതാവ് ഡോ.എം.കെ മുനീർ എം.എൽ.എ. ഇക്കാര്യത്തിൽ ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി ലീഗോ യു.ഡി.എഫോ ഇന്നേവരെ സഖ്യമോ ധാരണയോ ഉണ്ടാക്കിയിട്ടില്ല. അവർ അവരുടെ തീരുമാനം എടുക്കുകയായിരുന്നു. എന്നുമുതലാണ് സി.പി.എമ്മിന് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളായത്. യു.ഡി.എഫും പി.ഡി.പിയുമാണ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയത് എന്ന് പറഞ്ഞവരാണ് ഇവർ. ജമാഅത്തെ ഇസ്ലാമി പിന്തുണയെ സ്വാഗതം ചെയ്തു മുഖപ്രസംഗം എഴുതിയത് ദേശാഭിമാനിയാണ്.
പരാജയംആഘോഷിക്കുന്നത് വർഗീയശക്തികൾ: എം.സ്വരാജ്
എൽ.ഡി.എഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് വർഗീയശക്തികളെന്ന് എം.സ്വരാജ്. പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സ്വരാജിന്റെ പ്രതികരണം. ആർ.എസ്.എസിന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്. വർഗീയ വിഷ വിതരണക്കാരി മുതൽ ആർ.എസ്.എസിന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട്. സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽ.ഡി.എഫിന്റെ പരാജയം അവരും ആഘോഷിക്കുന്നു. എൽ.ഡി.എഫിന്റെ പരാജയവും യു.ഡി.എഫിന്റെ വിജയവും തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുകയാണ്.