ഓർമ്മകളിൽ പപ്പ; വിദേശരുചികളെ ട്രെൻഡാക്കി മകൾ

Wednesday 25 June 2025 12:13 AM IST

തൃശൂർ: പതിനഞ്ചോളം രാജ്യങ്ങളിലെ പരമ്പരാഗതവും രുചികരവുമായ വിഭവങ്ങളും കേക്കുകളും ഡെസെർട്ടുമെല്ലാം മലയാളിക്ക് പരിചയപ്പെടുത്തണമെന്നായിരുന്നു ജോഷി ജോർജിന്റെ മോഹം. രണ്ട് സഹോദരങ്ങളുമായി ചേർന്ന് വിദേശരുചികളുള്ള അഞ്ച് റെസ്റ്റോറന്റുകൾ തുറന്ന് പച്ചപിടിക്കുമ്പോഴേയ്ക്കും ക്യാൻസറിന്റെ പിടിയിലമർന്ന് ഡിസംബറിൽ ജോഷി ഓർമ്മയായി. എങ്കിലും പപ്പയുടെ മോഹം സഫലമാക്കി ആ വിഭവങ്ങളെ മകൾ ജോവൻ ട്രെൻഡാക്കി.

തൃശൂർ കിഴക്കേക്കോട്ടയിലെ ലോവ്‌സ് ആൻഡ് മഫിൻസ് എന്ന കോഫി, പേസ്റ്ററി ഷോപ്പിൽ ഭക്ഷണം വിളമ്പാനും മേശ തുടയ്ക്കാനും വരെ ജോവനുണ്ട്. ബി.എസ്.സി സൈക്കോളജി കഴിഞ്ഞ ശേഷമാണ് റെസ്റ്റോറന്റിന്റെ ചുമതലയിലേക്കെത്തുന്നത്.

റോമിൽ വിറകടുപ്പുകളിൽ ചുട്ട് പാകം ചെയ്തിരുന്ന പുളിപ്പിച്ച ബ്രെഡായ ഫൊക്കാസിയ, ഈജിപ്റ്റിൽ മൂവായിരം വർഷങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ പുളിപ്പിച്ച അപ്പമായ സോർഡോ, ജാപ്പനീസ് മിൽക്ക് ബ്രഡ്, ബ്രിയോ പേസ്ട്രി, ഫ്രാൻസിൽ നെപ്പോളിയൻ ചക്രവർത്തിയുടെ താൽപ്പര്യം കൊണ്ടുണ്ടാക്കിയ ബൊഗെറ്റ്, പരമ്പരാഗത ജോർജിയൻ വിഭവമായ ചീസ് നിറച്ച ഖച്ചാപുരി, ഗോതമ്പും മാംസവും സുഗന്ധവ്യഞ്ജനങ്ങളും ചേർന്ന ഉസ്‌ബെക്കിസ്ഥാൻ പിലാഫ്...അങ്ങനെ നിരവധി വിഭവങ്ങളുണ്ട്. തൃശൂരിലും കൊച്ചി ഇടപ്പള്ളിയിലുമുള്ള റോസ്റ്റ്‌ടൗൺ റെസ്റ്റോറന്റിലാണ് ധാന്യ വിഭവങ്ങളുള്ളത്.

വിദേശക്കൂട്ടുകൾ തേടി

മിഷൻ ക്വാർട്ടേഴ്‌സ് റോഡിലെ അറയ്ക്കൽ കുടുംബാംഗമായ ജോഷി വിഭവങ്ങളുടെ കൂട്ടുകൾ തേടി വിദേശങ്ങളിൽ അലഞ്ഞിട്ടുണ്ട്. തനതു രുചി കിട്ടാൻ ആ കൂട്ടുകളെല്ലാം അതാത് രാജ്യത്ത് നിന്നും മികച്ച ബ്രാൻഡുകളിൽ നിന്നുമാണ് ഇപ്പോഴും വാങ്ങുന്നത്. അതെല്ലാം തയ്യാറാക്കാൻ പരിചയസമ്പന്നനായ ഷെഫിനെയും നിയോഗിച്ചു. കേരളത്തിൽ കാണാത്ത ബ്രഡുകളും പേസ്റ്ററിയും ജോഷി ഷെൽഫിലെത്തിച്ചു. ജിയൊ റൂഫിംഗ് എന്ന സ്റ്റീൽ, റൂഫിംഗ് ഷീറ്റ് കമ്പനിയുടെ ഉടമയുമായിരുന്നു ജോഷി. ഭാര്യ സിന്ധുവും അപൂർവമായ അച്ചാറുകൾ ഉണ്ടാക്കി വിൽക്കുകയാണ്. മൂത്ത മകൾ അന്ന വിവാഹിതയായി ദുബായിലാണ്. മറ്റൊരു മകൻ ജോർജ് ജോഷി. ജോഷിയുടെ സഹോദരങ്ങളായ ബിജു ജോർജും ജോജു ജോർജും സാരഥികളായുണ്ട്.

കാൻസർ പപ്പയെ കൊണ്ടുപോയെങ്കിലും ആ സ്വപ്നങ്ങളെ ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു.

ജോവാൻ