ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പണം തട്ടാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

Wednesday 25 June 2025 12:40 AM IST

കാട്ടാക്കട: പോക്സോ കേസിലെ പ്രതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളനാട് മുണ്ടേല കൊല്ലംകുഴി പുത്തൻവീട്ടിൽ അരുണിനെയാണ് (21) അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കട കോടതി ജാമ്യത്തിൽ വിട്ടയച്ചു.

പൂവച്ചൽ ആലമുക്ക് പാറപ്പൊറ്റ ഷാജഹാൻ മൻസിലിൽ ഷാജഹാനെയാണ് (48) മൂന്നുപേർ ചേർന്ന് തട്ടിപ്പിനിരയാക്കിയത്. തിങ്കളാഴ്ച രാത്രി 9ഓടെ പണം വാങ്ങാനെത്തിയ ഇവരെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിൽ ഏല്പിക്കുകയായിരുന്നു.

'അച്ചൂസ് ഗോൾസ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പെൺകുട്ടിയായി നടിച്ച്, ഷാജഹാനുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതികൾ പണം തട്ടിയത്. അരുണിനാണ് പലതവണകളായി ഗൂഗിൾ പേ വഴി ഷാജഹാൻ പണം അയച്ചത്.പ്രതികൾ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടു.ഇത് നൽകാതിരുന്നതോടെ പ്രതികൾ ഷാജഹാന്റെ ഭാര്യയെ ഫോൺ വിളിച്ചു. നിങ്ങളുടെ ഭർത്താവ് തന്റെ സഹോദരിയെ പീഡിപ്പിച്ചെന്നും നഷ്ടപരിഹാരമായി 60,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ പ്രതികളെ തന്ത്രപൂർവം ആലമുക്കിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ കാട്ടാക്കട പൊലീസിന് കൈമാറി.

രണ്ട് പ്രതികൾ ജുവനൈലായതിൽ ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

ക്യാപ്ഷൻ: അരുൺ