സംയുക്ത സേനാ മേധാവിക്ക് കൂടുതൽ അധികാരങ്ങൾ
ന്യൂഡൽഹി: മൂന്ന് സായുധ സേനകൾക്കിടയിൽ കൂടുതൽ ഏകോപനം ലക്ഷ്യമിട്ടുള്ള തിയറ്റർ കമാൻഡ് സംവിധാനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സംയുക്ത സേനാ മേധാവിക്ക്(സി.ഡി.എസ്) കൂടുതൽ അധികാരങ്ങൾ നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിറക്കി. ഇതു പ്രകാരം സി.ഡി.എസിന് മൂന്നു സേനകൾക്കുമുള്ള സംയുക്ത ഉത്തരവുകളും നിർദ്ദേശങ്ങളും നൽകാൻ അധികാരമുണ്ടാകും.നിലവിൽ ഒന്നിലധികം സേനകൾ ഉൾപ്പെടുന്ന സാഹചര്യങ്ങളിൽ അതാത് കമാൻഡുകൾ പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാണ് രീതി. സേനയെ ആധുനികവത്ക്കരിക്കാനും സായുധ സേനകൾ തമ്മിൽ ഏകോപനം ലക്ഷ്യമിട്ടുമാണ് പുതിയ നീക്കം.തിയറ്റർ സംവിധാനത്തിന് കീഴിൽ, ഒരു നിയുക്ത മേഖലയിലെ ഒരൊറ്റ കമാൻഡർ എല്ലാ സേനകളും നിയന്ത്രിക്കുന്നതാണ് രീതി. കമാൻഡർ മൂന്ന് സേനകളിൽ ഏതെങ്കിലുമൊന്നിൽ നിന്നായിരിക്കും. സി.ഡി.എസ് വഹിക്കുന്ന സൈനിക കാര്യ വകുപ്പിന്റെ (ഡി.എം.എ) സെക്രട്ടറി എന്ന പദവിക്കും ഉത്തരവ് ബാധകമാണ്.
പ്രതിരോധ ഉപകരണം വാങ്ങാൻ 2000 കോടി കരാറിന് അനുമതി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനായി പ്രതിരോധ ഉപകരണങ്ങളടക്കം വാങ്ങാൻ 2000 കോടിയുടെ കരാറിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിറ്റക്ഷൻ സിസ്റ്റംസ്, ലോലെവൽ ലൈറ്റ്‌വെയ്റ്റ് റഡാറുകൾ, ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ലോഞ്ചറുകളും മിസൈലുകളും അടക്കമാണ് വാങ്ങുന്നത്. ഇതിനായി വിവിധ കമ്പനികളുമായി 13 കരാറുകളിലാകും ഒപ്പുവയ്ക്കുക.
അടിയന്തര ആയുധ സംഭരണ (എമർജൻസി പ്രൊക്യുർമെന്റ് ) സംവിധാനം വഴിയാണ് വാങ്ങുന്നത്. സൈന്യത്തിന്റെ പ്രവർത്തനത്തിനായി ആവശ്യമെങ്കിൽ കാലതാമസം കൂടാതെ ആയുധം സംഭരിക്കുന്നതിനു വേണ്ടിയാണിത്. ജമ്മു കാശ്മീരിലെ സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുക, ഭീകരവാദ ഭീഷണികൾ നേരിടുക, ഡ്രോണുകളെ പ്രതിരോധിക്കുക, സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വർദ്ധിപ്പിക്കുക ഉൾപ്പെടെയാണ് ലക്ഷ്യം.
വാങ്ങുന്നവ
റിമോട്ട്ലി പൈലറ്റഡ് ഏരിയൽ വെഹിക്കിൾസ്, ഡ്രോണുകളുടെ വിവിധ വിഭാഗങ്ങൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ, ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകൾ,
തോക്കുകളിൽ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നൽകുന്ന നൈറ്റ് സൈറ്റ് സംവിധാനം.