ഫ്രഞ്ച് യുവതി ബലാത്സംഗത്തിനിരയായി
രാജസ്ഥാൻ : രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഉദയ്പൂരിലെ പാർട്ടിയിൽ വച്ച് പരിചയപ്പെട്ട സിദ്ധാർത്ഥ് എന്നയാൾ തന്നെ ബലാത്സംഗം ചെയ്തതായാണ് ഫ്രഞ്ച് വനിതയുടെ മൊഴി. രാജസ്ഥാൻ പൊലീസ് ചൊവ്വാഴ്ച സംഭവം സ്ഥിരീകരിച്ച് എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 22ന് ഡൽഹിയിൽ നിന്ന് ഉദയ്പൂരിലെത്തിയ ഫ്രഞ്ച് വനിത അംബമത, തിങ്കളാഴ്ച ടൈഗർ ഹില്ലിലെ ദി ഗ്രീക്ക് ഫാം കഫേയിലും റെസ്ട്രോ കഫേയിലും നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തു. പാർട്ടിയിൽ വച്ചാണ് പ്രതിയെ പരിചയപ്പെട്ടത്.
അടുത്തുള്ള മനോഹരമായ സ്ഥലങ്ങൾ കാണിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സിദ്ധാർത്ഥ് അംബമതയെ സുഖർ പ്രദേശത്തെ വാടക അപ്പാർട്ട്മെന്റിലേക്ക് സിദ്ധാർത്ഥ് കൊണ്ടുപോയി. അപ്പാർട്ട്മെന്റിൽ പ്രവേശിച്ചയുടൻ സിദ്ധാർത്ഥ് ആക്രമിക്കാൻ തുടങ്ങിയെന്നും എതിർത്തപ്പോൾ അയാൾ തന്നെ ബലപ്രയോഗത്തിലൂടെ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിച്ചു. ഈ സമയത്ത് ഇരയുടെ ഫോൺ ബാറ്ററി തീർന്നുപോയതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.
അവശയായ യുവതി ഒരു സ്വകാര്യ ആശുപത്രിയിൽ ഒറ്റയ്ക്ക് പോയി ചികിത്സ തേടുകയായിരുന്നു. പ്രതി ഒളിവിലാണ്, ആക്രമണം ഫ്രഞ്ച് എംബസിയെ അറിയിച്ചിട്ടുണ്ടെന്നും യുവതിക്ക് വേണ്ടുന്ന ചികിത്സകൾ ഉറപ്പാക്കുമെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.