പൊലീസിനെ കബളിപ്പിക്കാൻ റെനി ഉപയോഗിച്ചത് ഡാർക്ക് വെബ്
ഗാന്ധിനഗർ : അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം, സ്‌കൂളുകൾ, സിവിൽ ആശുപത്രി എന്നിവ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം അയക്കുകയും, 11 സംസ്ഥാനങ്ങളിലെ പോലീസിനെയും സുരക്ഷാ ഏജൻസികളെയും കബളിപ്പിക്കുകയും ചെയ്ത യുവതിയെ അഹമ്മദാബാദ് സൈബർ ക്രൈം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സംസ്ഥാനത്തെ ചെന്നൈ നഗരത്തിൽ താമസിക്കുന്ന റെനി ജോഷിൽഡ (30) എന്ന യുവതിയാണ് പ്രതി. എഞ്ചിനീയറിംഗ്, റോബോട്ടിക്സ് എന്നിവയിൽ പഠനം പൂർത്തിയാക്കിയ റെനി, ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ കൺസൾട്ടന്റായി ജോലി ചെയ്തു വരികയാണ്. തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ദിവിജ് പ്രഭാകർ എന്ന യുവാവുമായി പ്രണയത്തിലായിരുന്ന യുവതി, യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ ഉള്ള പ്രതികാരമെന്നോണം ദിവിജ് പ്രഭാകറിന്റെ പേരിന്റെ വ്യത്യസ്ത വകഭേദങ്ങൾ ഉൾപ്പെടെ നിരവധി വ്യാജ ഇമെയിൽ ഐഡികൾ സൃഷ്ടിച്ചാണ് ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് സൈബർ ക്രൈം കണ്ടെത്തി. രണ്ട് മാസമായി അഹമ്മദാബാദ് സൈബർ ക്രൈമിന്റെ 3 ടീമുകൾ നടത്തിയ ട്രാക്കിംഗിൽ ആണ് പ്രതി പിടിയിലായത്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം, സർഖേജിലെ ജനീവ ലിബറൽ സ്‌കൂൾ, ഒരു സിവിൽ ആശുപത്രി, വിമാനാപകടം നടന്ന ബിജെ മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ 21 സ്ഥലങ്ങളിൽ ബോംബ് വക്കുമെന്ന് പ്രതി ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇതിനുപുറമെ, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഡൽഹി, കർണാടക, ബിഹാർ, കേരളം, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ബോംബ് സ്‌ഫോടന ഭീഷണികൾ അയച്ചിരുന്നു. 'കഴിഞ്ഞ ദിവസം നിങ്ങൾക്കയച്ച സന്ദേശം നിങ്ങൾ അവഗണിച്ചു, മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ പെട്ടു, ഇപ്പോൾ നിങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം മനസിലായില്ലേ' എന്നുള്ള തരത്തിൽ അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം, അപകട ഉത്തരവാദിത്തം ഏറ്റുകൊണ്ട് യുവതി ബിജെ കോളേജ് ഭരണകൂടത്തിനും ഇമെയിൽ അയച്ചിരുന്നു. വി പി എൻ, ഡാർക്ക് വെബ് എന്നിങ്ങനെയുള്ള സംവിധാനം വഴി കാമുകന്റെ പേരിൽ വിവിധ അക്കൗണ്ടുകൾ എടുത്താണ് പ്രതി കുറ്റകൃത്യം നടത്തിയിരുന്നത്. എന്നാൽ ഒരു പ്രാവശ്യം അബദ്ധത്തിൽ പ്രതി സ്വന്തം പേരും നമ്പറും വച്ച് ലോഗിൻ ചെയ്‌പ്പോൾ ആണ് പിടിവീണത്.
കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ മെയിലിൽ നിന്ന് ബോംബ് ഭീഷണി
അഹമ്മദാബാദ് : പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ ഇ-മെയിലിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതിക്ക് ബോംബ് ഭീഷണി സന്ദേശം. ഇതേതുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള ഒരു സംഘം ഹൈക്കോടതി സമുച്ചയത്തിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയിട്ടില്ല. ഗുജറാത്ത് ഉൾപ്പെടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു സ്റ്റേഡിയങ്ങൾ എന്നിവ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെനി ജോസിൽഡ എന്ന പ്രതിയെ തിങ്കളാഴ്ച ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലെ സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ഹൈക്കോടതിയിൽ ലഭിച്ച ഇമെയിലും അതേ പ്രതി തന്നെ ഷെഡ്യൂൾ ചെയ്ത് അയച്ചതാണോ എന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
രാജ്കോട്ട് കോടതിക്കും ഭീഷണി
ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതിക്ക് പിന്നാലെ രാജ്കോട്ട് കോടതിയും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇതേതുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള വിവിധ സംഘങ്ങൾ കോടതിയിലെ എല്ലാ മുറികളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. സുരക്ഷയുടെ ഭാഗമായി എല്ലാ ജില്ലാതല കോടതികളിലും അന്വേഷണം നടത്താനുള്ള ചുമതല ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗാന്ധിനഗർ പോലീസ് കൺട്രോൾ റൂമിനെ ഏൽപ്പിച്ചു.