ഇറാൻ - ഇസ്രയേൽ സംഘർഷം ഡൽഹിയിലേക്കുള്ള 28 വിമാനങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷത്തിന് അയവുവരാത്ത സാഹചര്യത്തിൽ ഡൽഹിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹിയിലെത്തുന്ന 28 ഉൾപ്പെടെ 48 സർവീസുകളാണ് റദ്ദാക്കിയത്. ഇവിടെ നിന്ന് പുറപ്പെടേണ്ട 20 എണ്ണവും റദ്ദാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമപരിധി അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായി. റദ്ദാക്കിയവയിൽ 17 സർവീസുകൾ എയർ ഇന്ത്യയുടെതാണ്. എട്ടെണ്ണം ഇൻഡിഗോയുടേതും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും സുരക്ഷിതവും തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ ലഭ്യമായ ഏറ്റവും സുരക്ഷിതമായ വിമാന പാതകളാണ് പരിഗണിക്കുന്നതെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും എക്സിൽ കുറിച്ചു. പശ്ചിമേഷ്യൻ വ്യോമപാത അടച്ചത് ചില വിമാനസർവീസുകളെ ബാധിച്ചതായി സ്‌പൈസ് ജെറ്റ് ഉൾപ്പെടെയുള്ള വിമാന കമ്പനികളും അറിയിച്ചു.