ഏകാധിപത്യത്തിന്റെ ഇരുണ്ട ഇടനാഴി
രാജ്യത്തെ ജനാധിപത്യ പാരമ്പര്യത്തിന് കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് അമ്പതു വയസ് തികയുന്നു. 1975 ജൂൺ 25-ന് അർദ്ധരാത്രി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിറ്റേദിവസം രാവിലെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് റേഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. വളരെ ലഘൂകരിച്ച രീതിയിലാണ് പ്രധാനമന്ത്രി ആ അസാധാരണ നടപടി ജനങ്ങളെ അറിയിച്ചതെങ്കിലും അതിന്റെ കാഠിന്യം പൊലീസിന്റെയും ഭരണകൂടത്തിന്റെയും പൗരാവകാശങ്ങളെ ചവിട്ടിമെതിച്ചുള്ള നടപടികളിലൂടെ പിന്നാലെയാണ് ജനം അറിയാൻ തുടങ്ങിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു ഇരുണ്ട ഇടനാഴി പോലെ അടിയന്തരാവസ്ഥ 21 മാസം നീണ്ടുനിന്നു. ആഭ്യന്തര അസ്വസ്ഥത നിലവിലുണ്ടെങ്കിൽ അത് മറികടക്കാനായി അടിയന്തരാവസ്ഥ ഏർപ്പെടുത്താമെന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 352 (1) പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒരു എതിർപ്പും പ്രകടിപ്പിക്കാതെ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉത്തരവിൽ ഒപ്പുവയ്‌ക്കുകയായിരുന്നു. ബാത്ത് ടബ്ബിൽ കിടന്നുകൊണ്ട് രാഷ്ട്രപതി അടിയന്തരാവസ്ഥയുടെ ഉത്തരവിൽ ഒപ്പിടുന്നതായും, ഇനി എന്തെങ്കിലും ഒപ്പിടാനുണ്ടെങ്കിൽ ഉടനെ കൊണ്ടുവരണമെന്നും പറയുന്നതായി ചിത്രീകരിച്ചുകൊണ്ട് കാർട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ച കാർട്ടൂൺ ഇന്ത്യൻ ജനാധിപത്യം എത്ര നിസാരമായി അട്ടിമറിക്കപ്പെടാം എന്നതിന്റെ നേർച്ചിത്രമായി എന്നെന്നും ഓർമ്മിക്കപ്പെടാൻ പോന്നതായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു പിന്നാലെ ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺസിംഗ്, വാജ്‌പേയി, എൽ.കെ. അദ്വാനി തുടങ്ങിയ പ്രതിപക്ഷത്തെ എല്ലാ മുതിർന്ന നേതാക്കളെയും രായ്ക്കുരാമാനം അറസ്റ്റുചെയ്ത് തുറുങ്കിലടച്ചു. രാഷ്ട്രീയ എതിരാളികളെന്ന് സംശയിക്കപ്പെടുന്ന ആരെയും പൊലീസ് പിടിച്ചുകൊണ്ടുപോയി ഒരു വിചാരണയും കൂടാതെ ജയിലിലിട്ടു. വിദ്യാർത്ഥികൾ പൊലീസിന്റെ കൊടിയ മർദ്ദനത്തിന് ഇരയായി.
അന്നു കാണാതായവരിൽ ചിലർ ഇനിയും തിരിച്ചുവന്നിട്ടില്ല. കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജൻ ഉൾപ്പെടെ എത്രയോ വിലപ്പെട്ട ജീവനുകൾ ജനാധിപത്യത്തെ ഹനിച്ച അടിയന്തരാവസ്ഥയുടെ സംഹാരാഗ്നിയിൽ ഹോമിക്കപ്പെട്ടു. ജനാധിപത്യം അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് അടിസ്ഥാനമായി ഇന്ദിരാഗാന്ധി ചൂണ്ടിക്കാണിച്ചതെങ്കിലും കോടതിവിധികളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയത്തിലെ സ്വന്തം നിലനിൽപ്പ് ഉറപ്പിക്കാനും, കോൺഗ്രസ് പാർട്ടിയിലെ വിമതശബ്ദങ്ങൾ അടിച്ചമർത്താനുമുള്ള ഹിഡൻ അജൻഡയാണ് അതിനു പിന്നിൽ തിളച്ചുമറിഞ്ഞിരുന്നത്.
പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിനൊപ്പം രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന അവകാശങ്ങൾ പകരുന്ന ഭരണഘടനയുടെ വകുപ്പുകളായ 14, 21, 22 എന്നിവ കോടതികൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന ഉത്തരവും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.
ദക്ഷിണേന്ത്യയിലെ കരുണാനിധി സർക്കാർ ഉൾപ്പെടെയുള്ള കോൺഗ്രസ് ഇതര സർക്കാരുകളെ പിരിച്ചുവിട്ട് ഗവർണർ ഭരണം ഏർപ്പെടുത്തി. സർക്കാർ അംഗീകരിച്ച് അനുവാദം നൽകുന്നതു മാത്രമേ പത്രങ്ങൾക്ക് പ്രസിദ്ധീകരിക്കാനാവൂ എന്ന കടുത്ത വ്യവസ്ഥയോടു കൂടിയ സെൻസർഷിപ്പ് ഏർപ്പെടുത്തി. എല്ലാ ഏകാധിപതികളും സത്യത്തിന്റെ മുഖം മറയ്ക്കാൻ ഇതുപോലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട് എന്നതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. അടിയന്തരാവസ്ഥയ്ക്ക് പശ്ചാത്തലമായത് ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എതിർ സ്ഥാനാർത്ഥി രാജ്‌നാരായണൻ സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച് കൃത്രിമം കാട്ടിയതായി ആരോപിച്ച് അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുത്തു.
1975 ജൂൺ 12ന് ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി വിധിച്ചുകൊണ്ട് ലോക്‌സഭാ സീറ്റ് റദ്ദാക്കുകയും അടുത്ത ആറുവർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തെമ്പാടും പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങൾ അരങ്ങേറി. കോൺഗ്രസ് പാർട്ടിയുടെ ഉള്ളിൽ നിന്നുതന്നെ ഇന്ദിരാഗാന്ധി മാറി നിൽക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തി. അലഹബാദ് വിധിക്കെതിരെ ഇന്ദിരാഗാന്ധി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മലയാളിയായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉപാധികളോടെയാണ് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. ഈ സുപ്രീംകോടതി വിധി വന്നതിന്റെ പിറ്റേദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയായിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ആർ.എസ്.എസ് തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു.
ഇന്ദിരാഗാന്ധിക്കപ്പുറം സഞ്ജയ്‌ഗാന്ധിയുടെ നേതൃത്വത്തിലുള്ള അധികാരത്തിന്റെ ഇടനാഴിയിലുള്ള സംഘമാണ് പിന്നീട് എല്ലാം നിയന്ത്രിച്ചത്. ജനാധിപത്യ മൂല്യങ്ങളെല്ലാം കശാപ്പ് ചെയ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളും എന്തിന്; കോടതികൾ പോലും നോക്കുകുത്തിയാക്കപ്പെട്ടു. രാജ്യത്തെ നിയമങ്ങൾ തന്റെ ഇച്ഛയ്ക്കനുസരിച്ച് മാറ്റിയെഴുതുവാൻ ഇന്ദിരാഗാന്ധി ശ്രമിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്ന് ഇന്ദിരാഗാന്ധിയെ പൂർണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും കഴിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന ജനാധിപത്യ ധ്വംസനങ്ങൾ തിരിച്ചറിയാൻ പോലും പത്രമാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയിരുന്നതിനാൽ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥന്മാർ ധരിപ്പിക്കുന്നതു മാത്രമായി മാറി, ഭരണത്തിന്റെ ശരികൾ. രാജ്യത്ത് ഇലക്‌ഷൻ നേരത്തേ നടത്തിയാൽ 'ജനപ്രിയ ഭരണം" നിലനിൽക്കുന്നതിനാൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവരാനാകുമെന്ന് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു!
ജനങ്ങളിൽ നിന്ന് ബഹുദൂരം അകന്നു കഴിഞ്ഞിരുന്ന പ്രധാനമന്ത്രി ഉദ്യോഗസ്ഥരുടെ വാക്കുകൾ വിശ്വസിച്ച് ഇലക്‌ഷൻ പ്രഖ്യാപിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിൽമോചിതരാക്കി, അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തു. ജനാധിപത്യത്തിന് ഇന്ത്യൻ ജനത എത്രമാത്രം മൂല്യം കല്പിക്കുന്നു എന്നത് തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു 1977-ൽ നടന്നത്. ഇന്ദിരാഗാന്ധിയും സഞ്‌ജയ്‌ഗാന്ധിയും മാത്രമല്ല അവരുടെ വിശ്വസ്തരായ ഭൂരിപക്ഷം അനുയായികളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇതിൽ 92 സീറ്റുകളും അടിയന്തരാവസ്ഥയുടെ ഭീകരത താരതമ്യേന കുറവായിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ലഭിച്ചത്.
ഒരു കേസും ഇല്ലാതെയും അവരുടെ കുടുംബങ്ങളെ അറിയിക്കാതെയും നിരപരാധികളെ പിടിക്കാനും അറസ്റ്റ് രേഖപ്പെടുത്തി ജയിലിലിടാനും പൊലീസിന് അധികാരം നൽകിയതാണ് അടിയന്തരാവസ്ഥയിലെ ഏറ്റവും വലിയ തെറ്റ്. ഇത്തരത്തിൽ വിചാരണ കൂടാതെ ഒരുലക്ഷത്തിലധികം പേരെ അറസ്റ്റുചെയ്ത് പീഡിപ്പിച്ചതായി അടിയന്തരാവസ്ഥയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മിഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും ലോക്കപ്പിലും ജയിലിലും ക്രൂരമായി പീഡിപ്പിച്ചു. നമ്മുടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനത്തിന്റെ ഇരയാണ്. നിർബന്ധിത വന്ധ്യംകരണം, തുർക്ക്‌മാൻ ഗേറ്റ് സംഭവം തുടങ്ങിയ കുപ്രസിദ്ധമായ നിരവധി നിയമവിരുദ്ധ സംഭവങ്ങൾ ഉണ്ടായി.
ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ കളങ്കമാണ് അടിയന്തരാവസ്ഥ എന്നത് ജനങ്ങൾ അവരുടെ പൗരാവകാശമായ വോട്ട് രേഖപ്പെടുത്തിയതിലൂടെ സംശയരഹിതമായി തെളിയിക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഓർമ്മിപ്പിച്ച് ജൂൺ 25 വീണ്ടുമെത്തിയിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ എന്നും ഭീതിയോടെ ഓർമ്മിക്കുന്ന ദിനം. ഇനിയൊരു അടിയന്തരാവസ്ഥയിലേക്ക് രാജ്യം പോകരുതെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും മറവിൽ പൂണ്ടുപോകാതെ ഈ ദിവസത്തെ ഓർമ്മയിൽ സൂക്ഷിക്കേണ്ടതാണ്. ഓർമ്മകൾ ഉണ്ടായിരിക്കുന്നത് വലിയൊരു പ്രതിരോധം കൂടിയാണല്ലോ.
മനുഷ്യന്റെ പൗരാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഏത് ഭരണ നടപടിയും തിരസ്‌കരിക്കപ്പെടേണ്ടതു തന്നെയാണെന്ന പാഠത്തിനാണ് ഇന്ന് അമ്പത് വയസ് തികഞ്ഞിരിക്കുന്നത്.