'പരമാവധി അഡ്‌ജസ്റ്റ് ചെയ്‌തു, കോമഡി അഭിനയിക്കുന്നവരെല്ലാം യഥാർത്ഥത്തിൽ അങ്ങനെയല്ല'; നടനെക്കുറിച്ച് മുൻ ഭാര്യ

Wednesday 25 June 2025 11:07 AM IST

സീരിയൽ -സിനിമാ താരം റാഫിയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞെന്ന വെളിപ്പെടുത്തലുമായി മഹീന മുന്ന. പരസ്‌പരം ഒത്തുപോകാൻ ഒരുപാട് ശ്രമിച്ചുവെന്നും അതിന് സാധിക്കാതെ വന്നതോടെ പരസ്‌പരം തീരുമാനമെടുത്ത് വേർപിരിയുകയായിരുന്നു എന്നും മഹീന പറഞ്ഞു. പെൺകുട്ടികൾ തേച്ചു, ഒഴിവാക്കി. ചതിച്ചു എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ തിരിച്ചും സംഭവിക്കാറുണ്ടെന്നും മഹീന പറഞ്ഞു.

'സംഭവിച്ചതെല്ലാം വെളിപ്പെടുത്താൻ താൽപ്പര്യമില്ല. രണ്ടുപേരുടെയും സ്വകാര്യത മുൻനിർത്തി അത് ചോദിക്കരുത്. ദുബായിലേക്ക് വന്നതോടെ അദ്ദേഹത്തെ ഒഴിവാക്കിയതല്ല. ഇതേക്കുറിച്ച് എന്റെ മാതാപിതാക്കളോട് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. അഡ്‌ജസ്റ്റ് ചെയ്യാവുന്നതിന്റെ പരമാവധി നോക്കിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. സത്യാവസ്ഥ എനിക്ക് മാത്രമേ അറിയൂ. പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല.

ഞങ്ങളുടെ സന്തോഷം മാത്രമേ നിങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടുള്ളു. യഥാർത്ഥ ജീവിതം വ്യത്യസ്‌തമാണ്. ഫെയിം കണ്ട് കെട്ടിയിട്ട് അത് കഴിഞ്ഞ് ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവരുണ്ട്. അതിനോട് ഞാൻ യോജിക്കുന്നില്ല. ഇഷ്‌ടപ്പെട്ടിട്ട് കെട്ടിയതാണ്. പക്ഷേ, കോമഡി അഭിനയിക്കുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാൾക്ക് മറ്റൊരു ജീവിതമുണ്ട്. ഞാൻ അനുഭവിച്ചത് എനിക്കേ അറിയൂ. എന്റെ മെന്റൽ ഹെൽത്തും ശരീരവും മാതാപിതാക്കളെയും എല്ലാം ഞാൻ തന്നെ നോക്കണം. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. എടുത്ത തീരുമാനം ശരിയായാണ് എനിക്ക് തോന്നുന്നത് ' - മഹീന പറഞ്ഞു.

2022ലായിരുന്നു റാഫിയുടെയും മഹീനയുടെയും വിവാഹം. തന്റെ ആരാധികയായിരുന്ന മഹീനയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ട് പ്രണയിച്ചതെന്ന് റാഫി മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ വർഷമാണ് മഹീന ദുബായിലേക്ക് താമസം മാറിയത്. അടുത്തിടെ മഹീന റാഫി എന്ന പേര് മാറ്റി മഹീന മുന്ന എന്നാക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നുമുതൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.