പത്ത്‌ കൊല്ലമായി ഒപ്പമുണ്ട്, ദിലീപേട്ടൻ ശുദ്ധൻ; ഇതാണ്‌ ജയിലിൽ ചെന്ന് കണ്ടയുടൻ ആദ്യം ചോദിച്ചത്

Wednesday 25 June 2025 12:01 PM IST

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് കോസ്റ്റ്യൂം ഡിസൈനർ വെങ്കിട്ട് സുനിൽ. ദിലീപിനെ ജയിലിൽ പോയി കണ്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വെങ്കിട്ട്.

ദിലീപിന്റെ സിനിമകളിലെല്ലാം കോസ്റ്റ്യൂം ചെയ്യുന്നത് വെങ്കിട്ടാണ്. 'അന്ന് ദിലീപേട്ടനെ കാണാൻ ജയിലിൽ പോയി. റൂമിൽ രണ്ട് കോൺസ്റ്റബിളുമാരും ചുറ്റും ക്യാമറയുമുണ്ടായിരുന്നു. വെയിറ്റ് ചെയ്യാൻ പറഞ്ഞു. ദിലീപേട്ടൻ വന്നു. നീ ഓക്കെയല്ലെടാ എന്നാണ് ദിലീപേട്ടൻ വന്നയുടൻ ആദ്യം ചോദിച്ചത്. എനിക്കൊന്നും പറയാൻ പറ്റണില്ല. നീ ഇതിലൊന്നും ടെൻഷനടിക്കേണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞോയെന്നും ദിലീപേട്ടൻ പറഞ്ഞു.

ലൈഫ് എന്താകുമെന്ന് പോലും അറിയാതിരിക്കുമ്പോഴാണ് എന്നോട് ഇങ്ങനെ പറയുന്നത്. കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ലൈഫ് എന്താകുമെന്നറിയാത്ത അവസ്ഥയിൽ നീ ഓക്കെയാണോയെന്നാണ് ചോദിച്ചത്. അതൊരിക്കലും മറക്കാനാകില്ല. ദിലീപേട്ടൻ ശുദ്ധനാണ്. ഒരു ബോസായിട്ടൊന്നുമല്ല. എനിക്കെന്റെ ചേട്ടനെപ്പോലെയാണ്. വിഷമങ്ങൾ വരുമ്പോൾ അദ്ദേഹവുമായി പങ്കുവയ്ക്കാറുണ്ട്.

ദിലീപേട്ടൻ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല. ഞാൻ പത്ത് കൊല്ലത്തോളമായി അദ്ദേഹത്തിനൊപ്പം. ദിലീപേട്ടൻ മറ്റുള്ളവരെ കാണിച്ച് സഹായം ചെയ്യുന്നത് വളരെ കുറവാണ്.

ദിലീപേട്ടൻ ജയിലിലായ സമയത്ത്, പുറത്തിറങ്ങി നടക്കുമ്പോൾ ജോലിയൊക്കെ പോയല്ലോ എന്ന് ചോദിച്ചവരുണ്ട്. നീ സൂക്ഷിച്ചോയെന്ന് പറഞ്ഞവരുണ്ട്. പക്ഷേ ദിലീപേട്ടൻ പുറത്തുവന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാൻ പറ്റുമോയെന്ന് ഇതിൽ ചിലർ ചോദിച്ചു.'- വെങ്കിട്ട് സുനിൽ പറഞ്ഞു.