'വാസ്തവം അതൊന്നുമല്ല, അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചതാണ്'; മോഹൻലാൽ വിഷയത്തിൽ പ്രതികരിച്ച് ബെെജു  സന്തോഷ്

Wednesday 25 June 2025 12:11 PM IST

താരസംഘടനയായ 'അമ്മ'യുടെ യോഗത്തിൽ നടൻ ബെെജുവിനോട് മോഹൻലാൽ പൊട്ടിത്തെറിച്ചെന്ന തരത്തിൽ ചില വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബെെജു. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. മോഹൻലാലിന്റെ മറുപടി വളച്ചൊടിച്ചാണ് ഇത്തരം പ്രചരണമെന്നാണ് ബെെജു സന്തോഷ് പറഞ്ഞത്.

'സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില വാർത്തകൾ ഞാനും കണ്ടു. സത്യമറിയാതെയാണ് ചിലർ അത് പ്രചരിപ്പിക്കുന്നത്. വാസ്തവം അതൊന്നുമല്ല. 'അമ്മ'യുടെ ജനറൽ ബോഡി മീറ്റിംഗിന് മൂന്ന് വർഷത്തിന് ശേഷമാണ് ഞാൻ പങ്കെടുക്കുന്നത്. മീറ്റിംഗിന് കുറച്ച് താമസിച്ചാണ് ഞാൻ എത്തിയത്. അപ്പോൾ തന്നെ മോഹൻലാൽ പ്രസംഗിച്ച് കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മിറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ പ്രസംഗിച്ചപ്പോൾ ഇപ്പോൾ ഉള്ള കമ്മിറ്റി രണ്ടുവർഷം കൂടി അങ്ങനെ പോകട്ടെയെന്ന് സംസാരിച്ചു. മോഹൻലാൽ നേരത്തെ മാറാൻ തീരുമാനിച്ചതിന് ശേഷമാണ് ഞാൻ ഇങ്ങനെ പറഞ്ഞത്. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞത് മാത്രമാണ്. അല്ലാതെ പ്രശ്നമില്ല.'- ബെെജു സന്തോഷ് വ്യക്തമാക്കി.