ഒരു കഷ്‌ണം വെള്ളപേപ്പർ മതി, മായം ചേർത്ത ചായ കുടിച്ച് ക്യാൻസർ വരെ പിടിപെടുന്ന സാഹചര്യം ഒഴിവാക്കാം
Wednesday 25 June 2025 12:33 PM IST
ദിവസവും കുറഞ്ഞത് ഒരു ചായയോ കട്ടൻ ചായയോ കുടിക്കുന്നവരാണ് മലയാളികൾ. ചായ കുടിച്ചില്ലെങ്കിൽ തലവേദന പോലുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ മായം കലർന്ന ചായയാണ് പലപ്പോഴും നമ്മൾ കുടിക്കുന്നതെന്ന് എത്രപ്പേർക്കറിയാം? പാലിൽ മായം കലർത്തുന്നതുപോലെ ചായ ഉണ്ടാക്കാനാവശ്യമായ പ്രധാന ചേരുവയായ തേയിലയിലും മായമുണ്ട്. അതിനാൽ തന്നെ തേയിലപ്പൊടിയിലെ മായം കണ്ടെത്താനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. കാൻസറിന് വരെ കാരണമായേക്കാവുന്ന സിന്തറ്റിക് ഫുഡ് കളറായ ഓറഞ്ച്, റെഡ് എന്നിവയാണ് ചായപ്പൊടിയിൽ ചേർക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
- ഒരു വെള്ളപ്പേപ്പർ എടുക്കുക. ഇത് ചെറുതായി നനയ്ക്കുക. ശേഷം നനഞ്ഞ കടലാസിലേയ്ക്ക് തേയിലപ്പൊടി ഇട്ടുകൊടുക്കാം. കുറച്ച് സമയത്തിനുശേഷം വെള്ള പേപ്പർ പിങ്ക്, ചുവപ്പ്, മഞ്ഞ നിറമായി മാറിയാൽ തേയിലപ്പൊടിയിൽ മായം ഉള്ളതായി ഉറപ്പിക്കാം.
- പച്ചവെള്ളത്തിൽ തേയിലപ്പൊടി ഇടുക. നിറം വളരെപ്പെട്ടെന്ന് പടരുന്നുവെങ്കിൽ അതിൽ മായമുള്ളതായി മനസിലാക്കാം.
- തേയില വാങ്ങുമ്പോൾ പാക്കറ്റിൽ നിർമാതാവിന്റെ പേരോ ബ്രാൻഡിന്റെ പേരോ ഇല്ലാത്തവയാണെങ്കിൽ വാങ്ങാതിരിക്കുക.